Skip to main content

കോണ്‍ഗ്രസ് യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ് മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു എന്നാണ് കഴിഞ്ഞ ഒരാഴ്ചയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഏക സ്വരത്തിലാണ് കഴിഞ്ഞ ഒരാഴ്ചയായി നേതാക്കളുടെ ഭാഗത്ത് നിന്ന് വരുന്ന പ്രതികരണങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ ദയനീയമായ തോല്‍വിക്ക് ശേഷം പലവിധ അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഏക സ്വരത്തിലുള്ള പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളുമാണ് നടക്കുന്നത് എന്നതാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഉമ്മന്‍ചാണ്ടിയ്ക്ക് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചെയര്‍മാന്‍ സ്ഥാനം കൊടുത്തത് യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്നുള്ള ഒരു നീക്കമായിരുന്നു. കെ. സുധാകരന് കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല കൊടുക്കുമെന്നുള്ള തീരുമാനവും യാഥാര്‍ത്ഥ്യബോധത്തെ ഉള്‍ക്കൊണ്ട്‌കൊണ്ടുള്ള തീരുമാനമാണ്. കാരണം പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കുവാന്‍ കെ. സുധാകരന് തീര്‍ച്ചയായും കഴിയുമെന്ന വിലയിരുത്തലാണ് ഹൈക്കമാന്‍ഡിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. വൈകാതെ അദ്ദേഹത്തെ കെ.പി.സി.സി പ്രസിഡന്റായി പ്രഖ്യാപിക്കും എന്നറിയുന്നു. ഇതിനെല്ലാം ഉപരിയാണ് ഡോ.ശശി തരൂര്‍ എന്ന് പറയുന്ന വിശ്വപൗരനെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാനും യുവാക്കളുമായി സംസാരിക്കാനും യോഗം ചുമതലപ്പെടുത്തിയിരിക്കുന്നു എന്നത്. പ്രകടന പത്രിക തയ്യാറാക്കാന്‍ ശശി തരൂര്‍ കേരള പര്യടനം നടത്തും.

ഐക്യരാഷ്ട്രസഭയിലുള്‍പ്പെടെ തന്റെ കഴിവ് തെളിയിക്കുകയും ഒരൊറ്റ ട്വീറ്റിലൂടെ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ തന്നിലേക്ക് തിരിക്കാനും ശശി തരൂരിനോളം കഴിവുള്ള ഒരു നേതാവ് നിലവില്‍ ഇന്ത്യയിലെ മറ്റേത് പാര്‍ട്ടിയെ വെച്ച് നോക്കിയാലും കാണാന്‍ കഴിയില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ശശി തരൂര്‍ എന്ന് പറയുന്നത് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. അത്തരത്തിലുള്ള ഒരു വ്യക്തിയെ ഇത്രയും നാള്‍ വലിയ രീതിയിലുള്ള റോളുകളൊന്നും കൊടുക്കാതെ തിരുവനന്തപുരത്തിന്റെ എം.പി എന്നുള്ള നിലയില്‍ മാത്രമാണ് നാം കണ്ടുകൊണ്ടിരുന്നത്. ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പിലേക്ക് പ്രകടന പത്രിക തയ്യാറാക്കുന്നതിലേക്ക് അദ്ദേഹത്തെ കൊണ്ടു വരുമ്പോള്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയങ്ങളും മറ്റ് താല്‍പ്പര്യങ്ങളും മാറ്റിവെച്ച് തിരഞ്ഞെടുപ്പില്‍ വിജയിക്കണം എന്ന അജണ്ടയിലേക്ക് വരുന്നു എന്നുള്ള ശുഭ സൂചനയായി വേണം ഇതിനെ കാണാന്‍. ശശി തരൂരിന്റെ സാന്നിധ്യം കോണ്‍ഗ്രസിനെ വളരെ നല്ല രീതിയില്‍ സഹായിക്കും എന്നതില്‍ ഒരു സംശയവുമില്ല. ശശി തരൂര്‍ എന്ന വ്യക്തിയെ വെറും രാഷ്ട്രീയക്കാരനായിട്ടല്ല കേരളത്തിലെ ജനങ്ങള്‍ കാണുന്നത്. അദ്ദേഹത്തിന്റെ അറിവും അദ്ദേഹത്തിന്റെ നിലപാടുകളും നമ്മുടെ നാടിന്റെ പുരോഗതിക്കാണ് എന്നുള്ള വിശ്വാസം ജനങ്ങള്‍ക്ക് അദ്ദേഹത്തോടുണ്ട്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ ഉടനീളമുള്ള ആളുകളില്‍ പ്രത്യേകിച്ചും യുവജനങ്ങളില്‍ ശശി തരൂരിനോടുള്ള വിശ്വാസം കുറച്ചൊന്നുമല്ല. 

വാക്ചാതുര്യമുള്ള ഒരു വ്യക്തി സമൂഹമാധ്യമത്തില്‍ ഇത്രയധികം സജീവമായിട്ടുള്ള ഒരു വ്യക്തി ലോകത്തിന്റെ ഏത് കോണില്‍ പോയാലും വ്യക്തമായ സ്ഥാനം ലഭിക്കുന്ന ഒരു വ്യക്തി എന്നീ നിലകളില്‍ യുവാക്കളുടെയെല്ലാം ആരാധനാപാത്രം തന്നെയാണ് ശശി തരൂര്‍. അദ്ദേഹത്തിന് ഇത്തരത്തില്‍ ഒരു പദവി ലഭിക്കുന്നതോട് കൂടി കോണ്‍ഗ്രസില്‍ പ്രകടമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ശശി തരൂരിനെ പോലെയുള്ള ഒരാളെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിക്കണം, ദേശീയതലത്തിലേക്ക് അദ്ദേഹത്തെ മുന്‍നിരയിലേക്ക് കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങള്‍ കുറച്ചു നാളുകളായി പല കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ അതിനുള്ള സാധ്യത കോണ്‍ഗ്രസില്‍ നിലവില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാണാന്‍ സാധിക്കില്ല എങ്കിലും പ്രാവര്‍ത്തികമാകുന്ന രീതിയിലുള്ള ഒരു ചുമതലയാണ് അദ്ദേഹത്തിന് കൊടുത്തിരിക്കുന്നത്. ശശി തരൂരിന്റെ ആവശ്യകതയെന്താണെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിരിക്കുകയാണ്. ഈ തീരുമാനം എന്തായാലും കോണ്‍ഗ്രസിന് നഷ്ടങ്ങളല്ല മറിച്ച് ഗുണങ്ങള്‍ മാത്രമെ ഉണ്ടാക്കുകയുള്ളൂ.