Skip to main content

Beverages

ചിത്രം മലയാള മനോരമ

 

കാലത്തിന്റെ മാറ്റം കോടതി വിധികളില്‍ പ്രതിഫലിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ ജീവസ്സുറ്റ മുഖത്തെയാണ് പ്രകടമാക്കുന്നത്. അതേ സമയം ജീവസ്സായ ഘടകത്തെ തിളക്കത്തോടെ ജ്വലിപ്പിച്ചു നിര്‍ത്തുന്ന ചില മര്‍മ്മങ്ങളുണ്ട്. അവ മര്‍മ്മങ്ങളായതുകൊണ്ടു തന്നെ സാധാരണ നോട്ടത്തിന്റെയും സാധാരണ നോട്ടക്കാരുടേയും ശ്രദ്ധയില്‍ പെടാതെ പോകും. അത്തരം മര്‍മ്മങ്ങളെ കേടുകൂടാതെ സൂക്ഷിക്കുക എന്നതും കോടതികളുടെ ഉത്തരവാദിത്വമാണ്. അക്കാര്യത്തില്‍ കോടതികള്‍ക്ക് വീഴ്ച സംഭവിക്കുന്നതായി സൂചിപ്പിക്കുന്ന വിധികള്‍ സുപ്രീംകോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും അടുത്തിടെയായി കൂടുതല്‍ വന്നുകൊണ്ടിരിക്കുന്നു.
                

ചൂഷണാധിഷ്ടിത കമ്പോള താല്‍പര്യത്തിന്റെ ഫലമായി പ്രത്യക്ഷ യുക്തിക്ക് നിരക്കുന്നതും ശരിയെന്നു തോന്നുന്നതുമായ പാശ്ചാത്യമായ കാഴ്ചപ്പാടുകള്‍ പുരോഗമന പരിവേഷത്തിന്റെ ഭാഗമായി ഇന്ത്യയുള്‍പ്പെടെ വികസ്വര രാജ്യങ്ങളിലേക്ക് കടത്തിവിടാറുണ്ട്. അത് ആക്ടിവിസ്റ്റുകളിലൂടെയും അവരുടെ ആക്ടിവിസ്റ്റ് സമീപനം വിപണന തന്ത്രമായി പ്രയോഗിക്കുന്ന മാധ്യമങ്ങളിലൂടെയും ഇവിടെ പ്രാവര്‍ത്തികമാക്കപ്പെടുന്നു. ഈ ആക്ടിവിസത്തിലേക്ക് പലപ്പോഴും ജുഡിഷ്യറിയും മാറുന്നുണ്ട്. അത്തരത്തിലൊരു കാഴ്ചപ്പാടാണ് ലിംഗ സമത്വവും ലിംഗ വിവേചനവും. ഈ പാശ്ചാത്യ സമീപനത്തിനു പകരം ഇന്ത്യന്‍ ജുഡീഷ്യറിക്ക് സ്വീകരിക്കാവുന്നത് ലിംഗനീതിയായിരുന്നു.
              

എറണാകുളം പുത്തന്‍വേലിക്കര കണക്കന്‍കടവിലെ ബീവറേജസ് ഔട്ട്‌ലറ്റില്‍ കേരളം മറ്റൊരു പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മദ്യക്കച്ചവടത്തിനായി ആദ്യമായി ഒരു സ്ത്രീ നിയമിക്കപ്പെട്ടിരിക്കുന്നു. ഷൈനി രാജീവ് എന്ന 43 കാരി .കേരള അബ്കാരി നിയമം അനുസരിച്ച് വനിതകളെ മദ്യവില്‍പ്പനയ്ക്കു നിയോഗിക്കുന്നതില്‍ വിലക്കുണ്ടായിരുന്നു. അതിനാല്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ തന്നേക്കാള്‍ റാങ്ക് കുറഞ്ഞവര്‍ക്ക് നിയമനം കിട്ടിയപ്പോള്‍ ഷൈനി ഹൈക്കോടതിയെ സമീപിച്ചു.നിയമനത്തില്‍ ലിംഗവിവേചനം പാടില്ലെന്ന് വിധി വന്നതോടെയാണ് ഷൈനി മദ്യക്കച്ചവടത്തിനായി നിയമിക്കപ്പെട്ടത്.
          

 

ബി എഡ് പാസായ ഷൈനി ലാസ്റ്റ് ഗ്രേഡായി ജോലി നോക്കി വരികയായിരുന്നു. ഷൈനിയുടെ നിസ്സഹായതാവസ്ഥയാകണം ബീവറേജസ് കോര്‍പ്പറേഷനില്‍ ജോലി ചെയ്യാന്‍ സമ്മതമാണെന്ന് കോടതിയെ അറിയിച്ചത്. അവിടെ രണ്ടു ഘടകങ്ങള്‍ കണക്കിലെടുക്കുന്നതില്‍ കോടതി പരാജയപ്പെട്ടു. ലിംഗനീതിയുടെ കാഴ്ചപ്പാടില്‍ നോക്കിയിരുന്നുവെങ്കില്‍ ഒരു പുരുഷ ഉദ്യോഗസ്ഥനെ ഇവിടേക്ക് നിയോഗിച്ച് ഷൈനിയെ കോര്‍പ്പറേഷന്റെ മറ്റ് ഓഫീസുകളില്‍ നിയമിക്കാമായിരുന്നു. അഥവാ ഇന്‍സെന്റീവ് കണ്ട് രജനി പ്രവര്‍ത്തന സന്നദ്ധത കാണിച്ചതാണെങ്കിലും മദ്യക്കച്ചവടത്തിനായി ഷൈനിയെ നിയോഗിക്കരുതായിരുന്നു.
          

 

സ്വയം മതിപ്പും ബഹുമാനുമില്ലാത്തവരുമാണ് മദ്യപിക്കുന്നത്. അതിന് സോഷ്യല്‍ ഡ്രിങ്കിംഗ് എന്നു പേരിട്ടാലും. സ്വബോധത്തില്‍ നിന്ന് അബോധത്തിലേക്കു നീങ്ങാന്‍ യഥാര്‍ഥ സ്വബോധമുള്ളവര്‍ തയ്യാറാകാറില്ല. സമ്പൂര്‍ണ്ണ സാക്ഷരതയുള്ള കേരളം മദ്യ ഉപയോഗത്തില്‍ രാജ്യത്ത് എന്തുകൊണ്ട് മുന്നില്‍ നില്‍ക്കുന്നു എന്ന് ഏതാനും നാള്‍ മുന്‍പ് സുപ്രീംകോടതി ആരായുകയുണ്ടായി. കേരളത്തിന്റെ മൊത്തസ്വബോധത്തിന്റെ ഒരു സൂചിക കൂടിയാണ് ആ ചോദ്യം.
             

 

സാമൂഹ്യ ചിന്തയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കോടതി വിധിയിലൂടെ ഒരു പുതിയ ബിംബത്തിന് കൂടി സാമൂഹിക അംഗീകാരം  ലഭിച്ചിരിയ്ക്കുന്നു. മദ്യത്തേയും സ്ത്രീയേയും ചേര്‍ത്തുകൊണ്ടുള്ള ഇമേജിനുള്ള നീതിന്യായ വ്യവസ്ഥയുടെയും സമൂഹത്തിന്റെയും സമ്മതം. ഇപ്പോള്‍ തന്നെ മദ്യപാനം അന്തസ്സിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. കണക്കന്‍കടവിലെ ബീവറേജസിന്റെ മുന്നിലൂടെ കടന്നുപോകുന്ന ഒരു കൗമാരക്കാരന്റെ കാഴ്ചയിലേക്കു നോക്കാം. തന്റെ അമ്മയെ പോലെ ഒരമ്മ അന്തസ്സോടെ മദ്യക്കച്ചവടം നടത്തുന്നു. അതിലൂടെ സ്വതവേ മദ്യപ സമൂഹത്തിന്റെ നടുവില്‍ നില്‍ക്കുന്ന ആ കൗമാരക്കാരനിലേക്കു പ്രവേശിക്കുന്ന മദ്യത്തെ കുറിച്ചുള്ള സങ്കല്‍പ്പം എന്തായാലും മദ്യത്തിനോട് പാലിക്കേണ്ട അകല്‍ച്ച വര്‍ധിപ്പിക്കില്ല.
            

 

ലിംഗ സമത്വത്തിന്റെ പേരില്‍ സ്ത്രീകള്‍ മദ്യപിക്കുന്നതിനെ എടുത്തു പറയുന്നതിനെപ്പോലും ഫെമിനിസ്റ്റുകള്‍ കടന്നാക്രമിക്കും. സ്ത്രീകളും മദ്യപിച്ച് പൊതുസ്ഥലങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നതും ഡ്രൈവ് ചെയ്ത് അപകടമുണ്ടായുന്നതും പതിവ് വാര്‍ത്തയായിട്ടുണ്ട്. സ്ത്രീകളുടെ മദ്യപാനത്തിന്റെ അളവ് വന്‍ തോതിലാണ് കുടിക്കൊണ്ടിരുന്നത്. ഷൈനിയുടെ നിയമനത്തിലൂടെ സ്ത്രീകളും ക്യൂ നിന്ന് മദ്യം വാങ്ങുന്ന കാഴ്ചയും കേരളത്തില്‍ പതിവാകും. ലിംഗ സമത്വത്തിന്റെ പുതിയ കാഴ്ചയായി ഫെമിനാസ്റ്റുകളും മാധ്യമങ്ങളും ഇത് ആഘോഷിക്കും. ഇതേ മാധ്യമങ്ങള്‍ തന്നെ അഗമ്യഗമനങ്ങളുടെയും കൗമാരക്കാരനായ സഹോദരനില്‍ നിന്ന് കൗമാരക്കാരിയെ സഹോദരി ഗര്‍ഭം ധരിക്കുമ്പോഴും, മൂന്നു മാസം പ്രായമുള്ള കുഞ്ഞ് പീഡിപ്പിക്കപ്പെടുമ്പോഴും അന്തിച്ചര്‍ച്ചയ്ക്ക് വരും, കേരളത്തിനിതെന്തു പറ്റി എന്ന തലവാചകവുമായി. പത്രങ്ങള്‍ സമാന സംഭവങ്ങള്‍ ശേഖരിച്ച് പരമ്പര നല്‍കും. ഇതിലേയ്‌ക്കൊക്കെ നയിക്കുന്ന സാമൂഹ്യ മര്‍മ്മങ്ങളെ കാണാന്‍ കോടതിക്കും കഴിയാതെ വരുന്നു എന്നാണ് പുത്തനദ്ധ്യായങ്ങള്‍ പറയുന്നത്.