Skip to main content

Pinarayi vijayan, Oommen chandy, A hemachandran

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ അന്വേഷണ സംഘത്തിനെതിരെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് സര്‍ക്കാര്‍ വകുപ്പുതല നടപടിയെടുത്തിരുന്നു, ഇവര്‍ക്കെതിരെ പ്രത്യേക സംഘത്തെ വച്ച് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അന്നത്തെ അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി എ ഹേമന്‍ചന്ദ്രന്‍ അന്വേഷണത്തില്‍ എന്തെങ്കിലും പിഴവുണ്ടായെങ്കില്‍ അതിന് താനാണുത്തരവാദിയെന്നും, നടപടി തനിക്കെതിരെ മാത്രം മതിയെന്നും പറഞ്ഞ് ആഭ്യന്തര അഡീഷ്ണല്‍ ചീഫ്‌സെക്രട്ടറിക്കും ഡി.ജി.പിക്കും കത്ത് നല്‍കയിരിക്കുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തങ്ങള്‍ക്കെതിരെ തെറ്റായ  വിവരങ്ങളാണ് നല്‍കിയിരിക്കുന്നതെന്നും കത്തില്‍ പറയുന്നു.

 

ഒരു അന്വേഷണ സംഘത്തലവന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഈ നടപടി പ്രശംസിക്കേണ്ടതാണ്. കാരണം പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ കീഴുദ്യോഗസ്ഥരുടെ തലയില്‍ പാപഭാരം മുഴുവന്‍ ഏല്‍പ്പിച്ചു കൈകഴുകുന്നവരെയാണ് നാം കണ്ടു ശീലിച്ചിരിക്കുന്നത്. ഹേമചന്ദ്രന്റെ ഈ നടപടി മറ്റുള്ള ഉദ്യോഗസ്ഥര്‍ക്കും മാതൃകയാക്കാവുന്നതാണ്.താന്‍ നേതൃത്വം കൊടുക്കുന്ന സഘത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും തനിക്കാണെന്നാണ് ഹേമചന്ദ്രന്‍ നല്‍കിയിരിക്കുന്ന കത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ധൈര്യമായി നടപടിയെടുത്ത് മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജം നല്‍കുന്ന മുന്നോട്ടുവരവാണ്.

 

എന്നാല്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്ന രണ്ടാമത്തെ വിഷയത്തെ ഒട്ടും പ്രോത്സാഹിപ്പിക്കാനാവുന്നതല്ല. അന്വേഷണ സംഘത്തിനോട് സോളാര്‍ കമ്മീഷന്‍ ശത്രുതാ മനോഭാവത്തോടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു എന്നുള്ള പരാമര്‍ശം. മാത്രമല്ല പല വിഷയങ്ങളിലും കമ്മീഷനുമായി എതിരഭിപ്രായമാണ് ഉണ്ടായിരുന്നതെന്നും ഹേമചന്ദ്രന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നു പറയുകയും ചെയ്തു.കമ്മീഷന്‍ ആക്ട് പ്രകാരം നിയമാനുസൃതമായിട്ടും ടേര്‍മ്സ് ഓഫ് റെഫറന്‍സ് വ്യവസ്ഥകളും പാലിച്ചാണ് സോളാര്‍ കമ്മീഷന്‍ നാലുവര്‍ഷം പ്രവര്‍ത്തിച്ചത്. ഈ കാലയളവില്‍ വിശദമായ മൊഴിയെടുക്കലുകളും തെളിവുശേഖരണവും നടത്തിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

 

 

ആദ്യം പറഞ്ഞതുപോലുള്ള നേതൃത്വ പാഠവമുള്ള ഉദ്യോഗസ്ഥന് ചേര്‍ന്ന നടപടിയല്ല അത്. കാരണം സോളാര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു എന്ന് പറയപ്പെടുന്നപ്പെടുന്ന പലകാര്യങ്ങളും പൊതു സാമൂഹം വിലയിരുത്തി അവരവരുടെ മനസ്സില്‍ വിധിയെഴുതിയിരിക്കുന്നതാണ്. സോളാര്‍ വിവാദം നടക്കുമ്പോള്‍ വന്ന മാധ്യമ വാര്‍ത്തളേയും വെളിപ്പെടുത്തലുകളേയുമെല്ലാം തെളിവാക്കിയാണ് ആ വിധിയെഴുത്തുണ്ടായിരിക്കുന്നത്.  എന്നാല്‍ പൊതുസമൂഹത്തിന്റെ ആ കണ്ടെത്തലുകളുമായി പൊരുത്തപ്പെടാത്ത നിഗമാനങ്ങളിലാണ് ആന്ന് കേസ് അന്വേഷിച്ച സംഘം എത്തിച്ചേര്‍ന്നത്. മാത്രമല്ല അരോപണം നരിട്ട മുഖ്യമന്ത്രിക്കുകീഴിലുള്ള സംവിധാനമാണ് അന്വേഷണം നടത്തിയത് എന്നതാണ് ഏറ്റവും വലിയ പൊരുത്തക്കേട്.അതുകൊണ്ടാണ് ജുഡീഷ്യല്‍ കമ്മീഷനെ വെക്കേണ്ടി വന്നതും.ഹേമചന്ദ്രന്‍ ഇനി വ്യക്തമാക്കേണ്ടേത് കമ്മീഷന്‍ കണ്ടെത്തലുകള്‍ തെറ്റാണോ എന്നാണ്. അതിന്  അന്നത്തെ പോലീസ് അന്വേഷണം ശരിയാണെന്ന് തെളിയിക്കേണ്ടിവരികയും ചെയ്യും.

 

അന്ന് ആ അന്വേഷണ സംഘത്തെ വയ്ക്കുമ്പോള്‍ അന്നത്തെ സര്‍ക്കറിനൊരു ലക്ഷ്യം ഉണ്ടായിരുന്നു, തങ്ങളുടെ താല്പര്യം രക്ഷിക്കുന്നവരായിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്ന്‌. അതിനു വേണ്ടിത്തന്നെയാണ് സമൂഹത്തിന് വിശ്വാസമുള്ള എന്നാല്‍ തങ്ങളുടെ വരുതിക്ക് നില്‍ക്കുമെന്നുറപ്പുള്ള എ ഹേമചന്ദ്രനെ ചുമതലപ്പെടുത്തിയതും.ഇന്നത്തെ സര്‍ക്കാരിന്റെ താല്പര്യവും അതുതന്നെ ,അതാണല്ലോ താല്പര്യ സംരക്ഷകരല്ലാത്തവര്‍ക്കെതിരെയുള്ള നടപടികള്‍ വേഗത്തില്‍ എടുക്കുന്നതും താല്പര്യ സംരക്ഷകരെ ഒപ്പം നിര്‍ത്തുന്നതുന്നതും ഭരണസംവിധാനങ്ങളെ അതിനുവേണ്ടി ഉപയോഗിക്കുന്നതും.

 

ഈ സംവിധാനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിനുള്ള ഭീമമായ ചെലവ് കണ്ടെത്തുന്നത് സാധാരണ ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നാണ്. ഇത്തരം നടപടികള്‍ ജനങ്ങള്‍ക്ക് ജനായത്തസംവിധാനത്തിലുള്ള വിശ്വാസം ഇല്ലാതാക്കുമെന്ന് അധികാരികള്‍ക്ക് ബോധമുണ്ടായിരിക്കണം. ജനായത്ത സംവിധാനത്തിന്മേല്‍ ജനങ്ങള്‍ക്ക് അവിശ്വാസമുണ്ടായാല്‍ അത് അരാചകത്വത്തിലേക്കാണ് നയിക്കുക. ഈ ബോധം ഭരണാധികാരികളുടെ ഓരോ വാക്കിലും പ്രവൃത്തിയിലും നിശബ്ദമായി പ്രതിഫലിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ കാര്യങ്ങള്‍ ശരിയായില്ലെങ്കിലും വിനാശത്തിലേക്ക് പോകാതിരിക്കൂ.

 

 

Tags