Skip to main content

 കേരളത്തിൽ ഇപ്പോൾ അഴിമതി വാർത്തയല്ലാതായിരിക്കുന്നു. അതേസമയം അഴിമതി വാർത്തകൾ മാധ്യമങ്ങൾക്ക് വിനോദ പരിപാടിയാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളായി രൂപപ്പെട്ട മാധ്യമ സംസ്കാരത്തിലൂടെയാണ് കേരളത്തിൽ അഴിമതി വാർത്ത അല്ലാതായി മാറിയത് .രണ്ട് ദശകങ്ങൾ ക്കു മുൻപ് അന്നത്തെ സംസ്ഥാന മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഉള്ള ഐസ്ക്രീം പാർലർ ലൈംഗിക അപവാദ കേസ് ഇന്ത്യാവിഷൻ ചാനൽ പുറത്ത് വിട്ടതോടെയാണ് ഒരു പുത്തൻ മാധ്യമ സംസ്കാരത്തിന് കേരളത്തിൽ തുടക്കമായത്. അന്ന് കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസഭയിൽ നിന്നും രാജിവെച്ചു .എന്നാൽ ഒരു ഇടവേളയ്ക്ക് ശേഷം കുഞ്ഞാലിക്കുട്ടി റെക്കോർഡ് ഭൂരിപക്ഷത്തോടെ വീണ്ടും നിയമസഭയിൽ എത്തുകയും മന്ത്രിസ്ഥാനം അലങ്കരിക്കുകയും ചെയ്തു. ഇതോടുകൂടി ലൈംഗിക അപവാദ കേസുകൾക്ക് അന്നുവരെ നിലനിന്നിരുന്ന സാമൂഹികമായ അപമാനാവസ്ഥ ഇല്ലാതായി. തുടർന്ന് ഇത്തരത്തിലുള്ള പീഡനക്കേസുകളും ലൈംഗിക അപവാദ കേസുകളും മാധ്യമങ്ങളിൽ പതിവായി.അതിൽ പെടുന്ന നേതാക്കൾ പൂർവ്വാധികം ശക്തിയോടെ തെരഞ്ഞെടുക്കപ്പെടുകയും മന്ത്രി സ്ഥാനങ്ങളിൽ എത്തപ്പെടുന്നതും പതിവായി. ലൈംഗിക അപവാദ - അഴിമതി വാർത്തകൾ ചാനലുകളുടെ റേറ്റിംഗ് ഉയർത്തുന്നതിനുള്ള ഉപാധിയായി .ഈ ചാനൽ സാന്നിധ്യം തിരിച്ചറിഞ്ഞ് രാഷ്ട്രീയ നേതാക്കൾ പ്രതിപക്ഷത്തിരിക്കുമ്പോൾ സർക്കാരിനെ ആക്രമിക്കാൻ അഴിമതി കഥകൾ പുറത്തുവിടുകയും അതിലൂടെ തങ്ങളുടെ സാന്നിധ്യവും പ്രസക്തിയും ഉറപ്പിക്കുന്ന രീതിയിലുള്ള രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് മാറി. ഈ അഴിമതി കഥകളെ അടിസ്ഥാനമാക്കി മാധ്യമങ്ങൾ ചർച്ചയിലൂടെ തങ്ങളുടെ റേറ്റിംഗ്ഉയർച്ച ഉറപ്പാക്കി. അതുവരെ അന്വേഷണാത്മക മാധ്യമ പ്രവർത്തകർ പ്രവർത്തകർ ചെയ്തുകൊണ്ടിരുന്ന ദൗത്യം രാഷ്ട്രീയ നേതാക്കൾ ഏറ്റെടുത്തു. ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് സോളാർ അഴിമതി ,തുടർന്ന് ഒന്നാംപിണറായി സർക്കാരിൻറെ സ്പ്രിംഗ്ലർ - സ്വർണക്കടത്ത് അഴിമതി, ഇപ്പോൾ രണ്ടാം പിണറായി സർക്കാരിൻറെ എ ഐ ക്യാമറ അഴിമതിയിലെത്തി നിൽക്കുന്നു  .ഇതിനിടയിൽ ഒട്ടേറെ ചെറുതും വലുതുമായ സമാന ലൈംഗിക അപവാദ - അഴിമതി കഥകൾ പുറത്തുവരികയും ആ ഇടവേളകളിൽ മാധ്യമങ്ങൾ അതുകൊണ്ട് അതിജീവിക്കുകയും ചെയ്യുകയായിരുന്നു. ഇപ്പോൾ ഏത് അഴിമതിക്കഥ പുറത്തു വന്നാലും ഒരു പ്രതിപക്ഷ പ്രസ്താവനയുടെ വിലയിലേക്ക് അവ മാറി. പ്രതിപക്ഷത്തിന്റെ ദൗത്യമാണ് ഭരണത്തിലിരിക്കുന്ന സർക്കാരിനെ എതിർക്കുക എന്നുള്ളത്. അത്തരം ഒരു ദൗത്യത്തിന്റെ ഭാഗമായുള്ള പ്രസ്താവന മൂല്യം മാത്രമാണ് ഇപ്പോൾ എത്ര കൊടിയ അഴിമതിക്കഥയ്ക്കും കേരളത്തിൽ പ്രസക്തിയുള്ളത്. ഇത് ഭരണത്തിൽ ഇരിക്കുന്നവർക്കും അറിയാം. അത് അഴിമതിയെ ഒരു മറയുമില്ലാതെ പ്രോത്സാഹിപ്പിക്കാനും കാരണമായി.  അതിന്റെ കാരണം  ഈ മാധ്യമ സംസ്കാരമാണ്.