Skip to main content

ഉമ്മൻചാണ്ടിയിൽ നിന്ന് മലയാളിയും കേരളവും കൊള്ളേണ്ട ഒരു ഗുണം ഏതെന്ന് ചോദിച്ചാൽ അത് ഉത്തരവാദിത്വം ഏറ്റെടുക്കലാണ് . മുഖ്യമന്ത്രിയായിരുന്നപ്പോൾ കണ്ണൂരിൽ വച്ച് തൻറെ കാറിലേക്ക് എറിഞ്ഞ കല്ല് നെഞ്ചത്ത് പതിക്കുകയും ചില്ലുടഞ്ഞ് നെറ്റിക്ക് പരിക്കേൽക്കുകയും ചെയ്തു. താൻ മുഖ്യമന്ത്രിയായിരിക്കുന്ന സംസ്ഥാനത്ത് ഇങ്ങനെ ഒരു സംഭവം ഉണ്ടായത് പുറത്ത് അറിയുന്നതിൽ തനിക്ക് ലജ്ജയുണ്ടായിരുന്നുവെന്നും അതൊരു വിഷയമാക്കാൻ അതുകൊണ്ടുതന്നെ ആഗ്രഹമില്ലായിരുന്നു എന്നു മാണ് പിന്നീട് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് .മറ്റൊന്ന് സോളാർ കേസിലെ പ്രതി തനിക്കെതിരെ ഉന്നയിച്ച ആരോപണവും അന്വേഷണവും. ഒരു വ്യക്തിയെ സംബന്ധിച്ച് അതിൽ പരം വലിയ ആക്ഷേപം വേറെയില്ല. അതിനോട് ഉമ്മൻചാണ്ടി പ്രതികരിച്ചത് മിതത്വത്തിൽ. "ആരോപണം ഉന്നയിച്ചവർക്ക് തിരുത്തി പറയേണ്ടിവരും " അദ്ദേഹം പറഞ്ഞു.ഉമ്മൻചാണ്ടി കോടതിയെ സമീപിച്ചു. ആരോപണം അടിസ്ഥാന രഹിതമെന്ന് തെളിവ് സഹിതം കോടതി വിധിച്ചു. അപ്പോഴും മിതത്വത്തിൽ ആയിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. തനിക്കെതിരെ ഇത്തരത്തിൽ ഗൂഢാലോചന നടത്തിയവരെ പറ്റി അദ്ദേഹം ഒരക്ഷരം മോശമായി പറഞ്ഞില്ല.ഈ രണ്ടു സന്ദർഭങ്ങൾ ധാരാളം, ഒരു നേതാവ് എങ്ങനെയായിരിക്കണം എന്നറിയാൻ. ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ ഒരു വ്യക്തിക്ക് ഉണ്ടാവുന്ന സവിശേഷമായ സാംസ്കാരിക ഔന്നത്യവും അഹിംസയും സമചിത്തതയുമാണ് അതിലൂടെ പ്രകടമായത്. ഉത്തരവാദിത്വം ഏറ്റെടുത്താൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളില്ല. അതാണ് ഉമ്മൻചാണ്ടി മലയാളിക്ക് കാട്ടിക്കൊടുത്തത്.

Tags