Skip to main content

vm sudheeran and oommen chandy

 

കേരളത്തിലെ നിലവിലുള്ള യു.ഡി.എഫ് സർക്കാറിന്റെ ഭരണസമയത്തിന്റെ കൂടുതൽ സമയവും ചെലവഴിച്ചത് രണ്ട് വിഷയങ്ങൾക്ക് വേണ്ടിയാണ്. സരിതക്കേസ്സിനും മദ്യത്തിനും. രണ്ടു വിഷയങ്ങളിലും മാസങ്ങളെടുത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി താൻ ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങളെ കൊണ്ടെത്തിച്ചു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഉദ്ദേശിച്ച കാര്യം സാധ്യമായിട്ടും മദ്യലഹരി പെട്ടന്ന് ശമിക്കില്ല. കാരണം അട്ടിമറിക്കപ്പെട്ട മദ്യനയം കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരൻ ആയുധമാക്കുന്നു. കഴിഞ്ഞ മൂന്നര വർഷമായി യു.ഡി.എഫ് സർക്കാരും കേരളജനതയും ഈ രണ്ടു വിഷയങ്ങളെ കേരളത്തിന്റെ മുഖ്യ അജണ്ടയായി മാറ്റിയ ചിത്രമാണ് തെളിയുന്നത്. ഇവ്വിധം സാഹചര്യങ്ങളെ കൊണ്ടുപോകാനുള്ള വളക്കൂറുളള സാഹചര്യമായതിനാലാണ് ഉമ്മൻ ചാണ്ടി സംഗതികളെ ഈ രീതിയിൽ കൊണ്ടുപോകുന്നത്.

 

കേരളത്തിലെ മദ്യ ഉപഭോഗത്തിന്റെ കണക്കുപ്രകാരം ഒരു മലയാളി ശരാശരി ഒന്നര ലിറ്റർ മദ്യം ഉപയോഗിക്കുന്നു. മദ്യവിപത്ത് കേരളത്തിൽ ഇതിനകം വരുത്തിക്കഴിഞ്ഞ സാമൂഹിക വിപത്തുകൾ വളരെ വ്യക്തമാണ്. തകർന്നുകൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങൾ. മനുഷ്യസംസ്കാരത്തിന് വിള്ളലേൽപ്പിക്കുന്ന അഗമ്യഗമനങ്ങളുടേയും പീഡനങ്ങളുടേയും നിരന്തര വാർത്തകൾ, സാമൂഹിക അക്ഷമ, ഗുരുതര രോഗങ്ങൾ, വർധിച്ചുവരുന്ന അപകടങ്ങൾ എന്നിങ്ങനെ മദ്യം മൂലം ഇതിനകം ഉണ്ടായിക്കഴിഞ്ഞ വിപത്തുക്കൾ നിരവധിയാണ്. ഈ പശ്ചാത്തലത്തിലാണ് മദ്യ ലഭ്യത കുറയ്ക്കുന്നതിലേക്ക് നീങ്ങുന്ന നടപടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് കെ.പി.സി.സി അദ്ധ്യക്ഷനായി അവരോധിതനായ വി.എം. സുധീരന്റെ കടന്നുവരവ്. നിലവാരമില്ലാത്ത 418 ബാറുകൾക്ക് അനുമതി റദ്ദാക്കിയ ഹൈക്കോടതി നടപടിയും അതിനോടൊപ്പം വന്ന പാർലമെന്റ് തെരഞ്ഞെടുപ്പും ആ നീക്കങ്ങൾക്ക് സുധീരന് അനുകൂല സാഹചര്യം ഒരുക്കിക്കൊടുത്തു. തെരഞ്ഞെടുപ്പിനു ശേഷം ഈ വിഷയം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സുധീരനും തമ്മിലുള്ള രാഷ്ട്രീയ മത്സരത്തിന്റെ കാരണമായി. ഒറ്റ രാത്രി കൊണ്ട് മുഴുവൻ ബാറുകളും പൂട്ടി വിഷയത്തെ മൊത്തം കുഴയ്ക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചു. തുടർന്നുണ്ടായ കോടതി നിർദ്ദേശങ്ങളുടേയും വിധികളുടേയും അടിസ്ഥാനത്തിൽ പ്രായോഗികതയുടെ പേരിൽ തുടക്കത്തിൽ എന്താണോ മുഖ്യമന്ത്രി ഉദ്ദേശിച്ചത് അവിടേക്ക് കാര്യങ്ങൾ എത്തിച്ചു. ആ ഉദ്ദേശ്യവും കേരളത്തിലെ മദ്യവ്യവസായികളുടെ താൽപ്പര്യവും തമ്മിൽ ഒത്തുപോകുകയും ചെയ്യുന്നു. ഈ കാലയളവിലാണ് സുധീരൻ സംസ്ഥാനത്ത് ജനപക്ഷയാത്ര നടത്തിയത്. മദ്യവിപത്തിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. മദ്യവിപത്ത് വിളിച്ചറിയിക്കുന്ന ആ യാത്രയ്ക്ക് ജനപക്ഷയാത്ര എന്ന നാമകരണം ചെയ്തതിൽ പോലും അദ്ദേഹത്തിന്റെ ഗുപ്തമായ രാഷ്ട്രീയ ലക്ഷ്യം കാണാം. കാരണം തന്റെ നിലപാടിനു വിരുദ്ധമായി മദ്യത്തിന്റെ കാര്യത്തിൽ എടുക്കുന്ന നിലപാട് ജനവിരുദ്ധം എന്ന് കൂട്ടത്തിൽ ഉറക്കെ പ്രഖ്യാപിക്കുക കൂടിയാണ് അതിലൂടെ ചെയ്തത്. മുഖ്യമന്ത്രി പ്രായോഗിക മദ്യനയം പ്രഖ്യാപിച്ചതിനെ തുടർന്ന് സധീരൻ എഴുതിത്തയ്യാറാക്കി ഇറക്കിയ പ്രസ്താവനയിൽ അത് ഒന്നുകൂടി തെളിച്ചു പറഞ്ഞിരിക്കുക മാത്രമാണ് ചെയ്തത്.

 

കേരളം അകപ്പെട്ടിരിക്കുന്ന സാമൂഹികമായ അന്തരാള ഘട്ടമാണ് ഈ രണ്ടുനേതാക്കന്മാരുടെ രാഷ്ട്രീയ മത്സരത്തിന്റെ ഇതൾവിരിയലിലൂടെ വ്യക്തമാകുന്നത്. സുധീരൻ എടുത്തുരിക്കുന്ന നിലപാട് പ്രകടമായി ആദർശപരവും മാതൃകാപരവുമാണ്. മുഖ്യമന്ത്രിയുടെ അതിന് വിപരീതവും.  ഇവിടെയാണ് അന്തരാളഘട്ടം പ്രകടമാകുന്നത്. ആദർശത്തിന്റെ പേരിലാണോ അതോ വ്യക്തിപരമായ രാഷ്ട്രീയലക്ഷ്യങ്ങളുടെ പേരിലാണോ സുധീരൻ ആദർശത്തിന്റെ പക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിച്ചിരിക്കുന്നത്. ആദർശത്തെ കൂട്ടുപിടിക്കുന്നത് സുധീരന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുന്നതിന് ഏറ്റവും എളുപ്പമുള്ള വഴിയാണ് എന്നത് വ്യക്തമാണ്‌. ആദർശത്തെ തത്വദീക്ഷയില്ലാതെ സ്വാർഥലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ആദർശരഹിതമായ പ്രവൃത്തിയേക്കാൾ അപകടകരമല്ലേ എന്നുള്ള ചോദ്യം ഉയർന്നുവരുന്നു. അതു ശരിയുമാണ്. കാരണം ആദർശരഹിതമായ പ്രവൃത്തികൾ അരങ്ങേറുമ്പോൾ അവിടെ ജനം കബളിപ്പിക്കപ്പെടില്ല. ഒഴിഞ്ഞുമാറി അപകടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സാഹചര്യമുണ്ട്. എന്നാൽ ആദർശമാണെന്ന് തെറ്റിദ്ധരിച്ച് അതല്ലാത്തതിനെ ആശ്രയിക്കുമ്പോൾ ആദർശത്തെ പിൻപറ്റുന്നവർ അറിയാതെ അപകടത്തിൽ പെടുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ രണ്ടു സാഹചര്യങ്ങളാണ് മുന്നിലുള്ളത്. ഇതിൽ ഏതിനെ സ്വീകരിക്കുക, ഏതിനെ തള്ളുക - ഇതാണ് അന്തരാളഘട്ടം. ഏതു മുന്നണി ഭരണത്തിലിരുന്നാലും മുന്നണി മാറിവന്നാലും ഈ സ്ഥിതിക്ക് മാറ്റമില്ലാത്ത അവസ്ഥ. രണ്ടും അപകടകരമാണ്. വിനാശകരവും. ഇതിൽ ഏതാണ് ഏറ്റവും കുറവ് വിനാശം വിതയ്ക്കുന്നതെന്ന് തീരുമാനിക്കലാണ് അലസമായ ജനായത്ത സംവിധാനത്തിൽ പൗരന്റെ വിഷമമേറിയ ദൗത്യം. രണ്ടും വിനാശകരം എന്നറിഞ്ഞുകൊണ്ട് രണ്ടിനോടും മുഖം തിരിച്ചുനിൽക്കുന്നത് എല്ലാറ്റിനേക്കാളും കൊടിയ ദുരന്തമാകും. അത് തികഞ്ഞ അരക്ഷിതാവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കും. ഇങ്ങനെയുളള അന്തരാളഘട്ടത്തിലും സക്രിയമായി മുന്നോട്ടുപോകാനും ക്രമേണ വേണമെങ്കിൽ ദുരന്തങ്ങളിൽ നിന്നു കരകയറാനും സർഗാത്മകവാതിലുകൾ തുറക്കാൻ ഇടം നൽകുന്നു എന്നതാണ് ജനായത്ത സംവിധാനത്തിന്റെ ഭംഗിയും പ്രായോഗികതയും സാധ്യതയും. അതുകൊണ്ടാണ് ആദർശവിരുദ്ധവും കപട ആദർശവും മുന്നിൽകണ്ട് അതിൽ ഏതിനെ സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടതിന്റെ ആവശ്യകത.

 

ആദർശം എന്നു പറയുന്നത് ചില വ്യക്തികൾ തങ്ങളുടെ വ്യക്തിത്വത്തിൽ വിളക്കിച്ചേർക്കുന്ന ചില വാശികളല്ല. മറിച്ച് എല്ലാ അർഥത്തിലും പുരോഗതി കൈവരിച്ച് സമൂഹത്തിന്റെ സാംസ്കാരികമായ മുന്നേറ്റത്തിനു സഹായിക്കുന്ന നിലപാടുകളെ സ്വന്തം പ്രവൃത്തികൾക്കുള്ള ആധാരമായി സ്വീകരിക്കുന്നതിനെ ആദർശമെന്ന് പറയാമെന്നു തോന്നുന്നു. ആദർശങ്ങൾക്ക് വിരുദ്ധമായ പരസ്യമായ നിലപാടിനേക്കാൾ കപടമായിട്ടെങ്കിലും ആദർശത്തോട് ബഹുമാനം കാണിക്കുകയും അതിനോട് ചേർന്നുനിൽക്കാൻ താൽപ്പര്യം കാണിക്കുന്നതുമാണ് കുടുതൽ അഭികാമ്യം. ഇവിടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരനും രണ്ട് രാഷ്ട്രീയ പ്രതീകങ്ങളോ ചിഹ്നങ്ങളോ ആയി മാറുന്നു. ഇവിടെ സുധീരനെന്ന ചിഹ്നത്തെ സ്വീകരിക്കലാവും കൂടുതൽ അഭികാമ്യമെന്ന് കേരളത്തിലെ മദ്യവിഷയത്തിന്റെ പശ്ചാത്തലത്തിൽ തെളിഞ്ഞുവരുന്നു. ഈ തെളിച്ചം കേരളത്തിന്റെ വർത്തമാനകാല രാഷ്ട്രീയാന്തരീക്ഷത്തിൽ വിരൽചൂണ്ടിയായി ഏത് തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും സ്വീകരിക്കാവുന്നതാണ്.

Tags