Skip to main content

bar

 

പഞ്ചനക്ഷത്ര ബാറുകളെ മാത്രം നിലനിർത്തിക്കൊണ്ട് മറ്റ് ബാറുകൾ ഒറ്റയടിക്ക് പൂട്ടുന്നത് വിവേചനപരമായ തീരുമാനമല്ലേ എന്ന് ചോദിച്ചുകൊണ്ടാണ് സെപ്തംബര്‍ 30 വരെ 312 ബാറുകൾ താൽക്കാലികമായി പ്രവർത്തിപ്പിക്കാൻ വ്യാഴാഴ്ച സുപ്രീം കോടതി അനുമതി നൽകിയത്. സുപ്രീം കോടതിക്ക് തോന്നിയ ഈ സംശയം ഇപ്പോൾ കോടതിയിലെത്തിയിരിക്കുന്ന കേരളസർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കപ്പെട്ടപ്പോൾ നിയമജ്ഞാനമില്ലാത്ത സാധാരണക്കാരന്റെ മനസ്സിലും ഉണ്ടായതാണ്. മദ്യനിരോധനം ആത്മാർഥമായി നടപ്പാക്കുക, സംസ്ഥാനത്തെ ജനതയുടെ ജീവിതം ഭദ്രമാക്കുക എന്ന ഉദ്ദേശ്യത്തിന്റെ പിൻബലത്തിലല്ല ഈ മദ്യനയം പ്രഖ്യാപിക്കപ്പെട്ടതെന്ന് ഏവർക്കുമറിയാം. കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരൻ കൈക്കൊണ്ട കർക്കശമായ നിലപാടിന്റെ പശ്ചാത്തലത്തിലാണ് ഈ മദ്യനയം ഉണ്ടായത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഒരു കാര്യം വിചാരിച്ചാൽ അത് താൻ ഉദ്ദേശിക്കുന്ന സ്ഥാനത്ത് കൊണ്ടെത്തിക്കുന്ന വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ പഴയതും പുതിയതുമായ ചരിത്രമറിയുന്നവർക്കറിയാം. അതുകൊണ്ടു തന്നെ 312 ബാറുകൾ കൂടി പൂട്ടാനുള്ള അച്ചടിച്ചുകൊണ്ടുവന്ന തീരുമാനം അദ്ദേഹം യു.ഡി.എഫ് യോഗത്തിൽ പ്രഖ്യാപിച്ചപ്പോൾ തന്നെ പല പുരികങ്ങളും ഉയർന്നു. കൂട്ടത്തിൽ സുധീരന്റേതും. പ്രത്യക്ഷത്തിൽ സുധീരനേക്കാൾ വാശിയോടെ മദ്യനിരോധനം സംസ്ഥാനത്ത് നടപ്പാക്കാൻ ശ്രമിക്കുകയും ഒടുവിൽ കോടതിവിധിക്ക് വിധേയമായി മുഖ്യമന്ത്രി എന്ന നിലയിൽ തനിക്ക് പ്രവർത്തിക്കേണ്ട ബാധ്യത ഉണ്ടെന്ന ന്യായത്തിൽ മുഴുവൻ ബാറുകൾക്കും കേരളത്തിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോൾ തെളിഞ്ഞുവരുന്നത്. അഭദ്രമായ തീരുമാനങ്ങൾ കോടതികളിൽ ചോദ്യം ചെയ്യപ്പെടുമെന്നുള്ള സാമാന്യബോധം ഏവർക്കുമുള്ളതാണ്. സ്വാഭാവികമായി ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ മദ്യനയം കോടതികളിലൂടെ പരിണമിച്ചുകൊണ്ടിരിക്കുന്നത് നിയമത്തിന്റെ തലങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് മുൻകൂട്ടി കാണാൻ കഴിയുന്നതേ ഉള്ളു. കോടതിയിൽ നിന്ന് ബാറുകാർക്ക് ഗുണകരമായ വിധം ഉത്തരവ് ചോദിച്ചുവാങ്ങിയ വിധിയെന്ന സുധീരന്റെ മുൻ ആരോപണവും ഈ സാഹചര്യത്തില്‍ ഓർക്കാവുന്നതാണ്.

           

ഒരു രൂപയുടെ മദ്യം ബാറുകാർ വിൽക്കുമ്പോൾ അതിൽ പത്തുപൈസയ്ക്കുള്ള മദ്യത്തിനു മാത്രമാണ് സംസ്ഥാനസർക്കാരിന്റെ ഖജനാവിലേക്ക് നികുതിയിനത്തിൽ എഴുപതുപൈസയോളം ചെല്ലുക. ആ നികുതിവരവാണ് സംസ്ഥാന ഖജനാവിലേക്ക് പതിനായിരം കോടിയോളം രൂപ എത്തിച്ചുകൊടുക്കുന്നത്. അപ്പോൾ തൊണ്ണൂറു പൈസയുടെ മദ്യം അനധികൃതമായി വിൽക്കുമ്പോൾ വെട്ടിക്കപ്പെടുന്ന നികുതി എത്രയാണ് മദ്യക്കച്ചവടക്കാരിൽ വന്നുചേരുന്നതെന്ന്  ഓർക്കുക. അതിനുപുറമേ ഈ തൊണ്ണൂറുപൈസയുടെ മദ്യം വിറ്റതിലൂടെ ലഭിക്കുന്ന ലാഭവും. ഈ അനധികൃ മദ്യമാണ് സെക്കൻഡ്‌സ് എന്നറിയപ്പെടുന്നത്. ഇത് മദ്യക്കമ്പനികൾ നേരിട്ടു ലേബലൊട്ടിക്കാതെ നൽകുന്നതും അയൽ സംസ്ഥാനങ്ങളിൽ നിന്നു സ്പിരിറ്റ് കൊണ്ടുവന്ന് എസ്സൻസ് ചേർത്തുണ്ടാക്കുന്നതുമാണ്. അതിനാലാണ് സെപ്തംബര്‍ 12-നു പൂട്ടേണ്ടിവരുമെന്ന അറിവിൽ ബാറുകൾ കുറഞ്ഞവിലയ്ക്ക് തങ്ങളുടെ കൈവശം ശേഖരമുണ്ടായിരുന്ന മദ്യം കുറഞ്ഞ വിലയ്ക്ക് വിറ്റഴിച്ചത്. അങ്ങനെ വിറ്റഴിക്കപ്പെട്ട മദ്യക്കുപ്പികളിലൊന്നും ലേബൽ ഇല്ലായിരുന്നു. ഇതെല്ലാം എക്‌സൈസ് മന്ത്രിക്കും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കും എല്ലാം അറിയാവുന്നതാണ്. പത്തുപൈസയുടെ മദ്യത്തിന്റെ മാത്രം നികുതിയിനത്തിൽ ഖജനാവിലേക്ക് പതിനായിരത്തോളം കോടി രൂപ എത്തുമെങ്കിൽ തൊണ്ണൂറു പൈസയുടെ മദ്യത്തിന്റെ നികുതിയിനത്തിൽ വെട്ടിക്കപ്പെടുന്ന പണത്തിന്റെ തോത് ഊഹിക്കാവുന്നതേ ഉള്ളു. അതാണ് മദ്യലോബിയുടെ ശക്തി. ഈ ശക്തിയാണ് ബാറുപൂട്ടലിനെതിരെ രാഷ്ട്രീയ നേതാക്കളേയും മന്ത്രിമാരേയുമൊക്കെ അണിനിരത്തുന്നത്. അയുക്തിയുടെ കാര്യത്തിലെ ഭദ്രതമൂലം സുപ്രീംകോടതിയിലൂടെ കറങ്ങിവന്നിരിക്കുന്ന മദ്യനയത്തിന്റെ പിന്നിലും ഒളിഞ്ഞിരിക്കുന്ന ആ ശക്തിയെ കാണാൻ കഴിയുന്നു. 312 ബാറുകൾ കൂടി പൂട്ടാൻ ഒരു നിമിഷനേരം കൊണ്ട് സ്വാഭാവികമായി മുഖ്യമന്ത്രിക്ക് തോന്നിയതാണെന്ന് ഇപ്പോൾ കേരളത്തിൽ വൻ പ്രചാരം നേടിയിട്ടുള്ള പ്രയോഗത്തെ കൂട്ടുപിടിച്ചു പറയുകയാണെങ്കിൽ, അരിയാഹാരം കഴിക്കുന്നവർക്ക് ദഹിക്കുന്നതല്ല.

 

oommen chandy418 ബാറുകൾ നിർത്തലാക്കിയതിനെ തുടർന്നുള്ള സാമൂഹ്യ പ്രതിഫലനമറിയണമെങ്കിൽ പത്രങ്ങളിലൂടെ കണ്ണോടിച്ചാൽ മതി. അസ്വാഭാവിക കൊലപാതകങ്ങൾ, അഗമ്യഗമന-പീഡന വാർത്തകൾ എന്നിവ ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഇടക്കാലത്ത് അഗമ്യഗമന-പീഡനവാർത്തകൾക്കായി പ്രമുഖ മലയാളപത്രങ്ങൾ ഒന്നാം പേജിനു പുറമേ ഒരുൾപ്പേജ് മാറ്റിവച്ചിരുന്നതായിരുന്നു. അതുപോലെ തന്നെ വാഹനാപകടങ്ങളുടെ കാര്യത്തിലും കുറവുണ്ടായിട്ടുണ്ട്. മദ്യനിരോധനത്തിനെതിരെ പറയപ്പെടുന്ന ഒരു ന്യായീകരണം വാറ്റു കൂടുകയും പെട്ടിക്കടകളിൽ മദ്യം ലഭ്യമാവുകയുമൊക്കെ ചെയ്യു‌മെന്നാണ്. ബാറുകളുള്ളപ്പോൾ സാമൂഹികമായുണ്ടാവുന്ന ദുരന്തത്തേക്കാൾ എന്തുകൊണ്ടും തുലോം കുറവായിരിക്കും മദ്യനിരോധനകാലത്തുണ്ടാവുന്ന ദുരന്തങ്ങൾ. കേരളത്തിലുണ്ടായിട്ടുള്ള മദ്യദുരന്തങ്ങളിൽ മരിച്ചവരുടെ എണ്ണം കൃത്യമായി പറയാൻ കഴിയും. അവ നൂറുകളിലാണ് എണ്ണിത്തീരുക. ബാറുകളിലൂടെയും ബവറിജസ് കോർപ്പറേഷൻ വിൽപ്പനശാലകൾ വഴിയും മദ്യം വാങ്ങി കഴിച്ച് മരിച്ചവരുടേയും മരിച്ചുകൊണ്ടിരിക്കുന്നവരുടേയും തകർന്ന കുടുംബങ്ങളുടേയും കണക്ക് പതിനായിരങ്ങളിലേ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയുകയുള്ളു. അതിനുപുറമേ സാമൂഹ്യാന്തരീക്ഷത്തേയും കുടുംബസംവിധാനത്തേയും തകർക്കുന്ന വിപത്തും. കുറ്റകൃത്യങ്ങൾ തടയാനാണ് സംസ്ഥാനത്തെ പോലീസുൾപ്പടെയുള്ള ഔദ്യോഗിക സംവിധാനങ്ങൾ. അതിനുള്ള സംവിധാനം അപര്യാപ്തമെങ്കിൽ അതുണ്ടാക്കി നിലനിർത്തേണ്ടത് സർക്കാരിന്റെ ബാധ്യതയും ഉത്തരവാദിത്വവുമാണ്. മറിച്ചുള്ള വാദങ്ങൾ നീളുന്നത് നാളെ മയക്കുമരുന്നുകളുടെ വിപണനവും  അതുപോലുള്ള കുറ്റകൃത്യങ്ങളുടേയും അനുവദനീയത നിയമവിധേയമാക്കണമെന്ന സമീപനത്തിലേക്കായിരിക്കും.

Tags