Skip to main content

narendra modi

 

1984 ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുകള്‍ സൃഷ്ടിച്ച ഒരു വര്‍ഷമാണ്‌. മൂന്ന്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം 1984-ന്റെ ചില ആവര്‍ത്തനങ്ങള്‍ക്ക് 2014 പൊതുതെരഞ്ഞെടുപ്പും സാക്ഷ്യം വഹിച്ചു. ഇന്ദിരാ ഗാന്ധിയുടെ വധം സൃഷ്ടിച്ച തരംഗത്തില്‍ അന്നുവരെ ഇന്ത്യ കണ്ട ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമായ 64 ശതമാനം1984-ല്‍ രേഖപ്പെടുത്തി. 2014-ല്‍ നരേന്ദ്ര മോഡി സൃഷ്ടിച്ച തരംഗം 66 ശതമാനത്തിലധികം പോളിംഗ് ശതമാനം രേഖപ്പെടുത്തുന്നതിന് കാരണമായി. അന്ന്‍ കോണ്‍ഗ്രസ് 411 സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തിയപ്പോള്‍ ഇത്തവണ 340-ഓളം സീറ്റുകള്‍ നേടി ദേശീയ ജനാധിപത്യ സഖ്യം അധികാരത്തില്‍ വന്നു. അതിലും പ്രധാനമായി 1984-ന് ശേഷം ഒരു പാര്‍ട്ടിയ്ക്കും ഇന്ത്യയില്‍ തനിച്ച് ലഭിക്കാത്ത ലോകസഭയിലെ കേവല ഭൂരിപക്ഷം ഈ തരംഗത്തില്‍ ബി.ജെ.പിയ്ക്ക് ലഭിച്ചു. 1984-ല്‍ ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന്‍ നടന്ന സിഖ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലായിരുന്നു തെരഞ്ഞടുപ്പ് നടന്നത്. കലാപത്തിനെ വന്മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്ന കുപ്രസിദ്ധമായ പ്രസ്താവനയിലൂടെ ന്യായീകരിച്ച രാജീവ് ഗാന്ധിയാണ് അന്ന്‍ തെരഞ്ഞെടുക്കപ്പെട്ടത്. നരേന്ദ്ര മോഡിയാകട്ടെ, 2002-ല്‍ ഗുജറാത്തില്‍ താന്‍ മുഖ്യമന്ത്രിയിരിക്കെ നടന്ന മുസ്ലിം കൂട്ടക്കൊലയുടെ ആരോപണം ഇപ്പോഴും പേറുന്നയാളാണ്. ക്രിയകള്‍ക്ക് പ്രതിക്രിയകളുണ്ടാകുമെന്ന കുപ്രസിദ്ധമായൊരു പ്രസ്താവന കലാപം പടരുന്ന വേളയില്‍ മോഡിയില്‍ നിന്നുമുണ്ടായിരുനു.

 

എന്നാല്‍, 1984-ല്‍ നിന്ന്‍ ഇപ്പോഴുള്ള പ്രധാന വ്യത്യാസമാണ് ഈ തെരഞ്ഞെടുപ്പിനെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മറ്റൊരു വഴിത്തിരിവാക്കുന്നത്. രാജ്യം നേരിട്ട കടുത്ത നേതൃത്വ പ്രതിസന്ധിയാണ് മോഡിയെ വിജയിപ്പിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷം ഇരട്ട അധികാരകേന്ദ്രവുമായി പ്രവര്‍ത്തിച്ച യു.പി.എ സര്‍ക്കാര്‍ ജനങ്ങളുടെ ഇടയില്‍ സൃഷ്ടിച്ച നേതൃത്വരാഹിത്യം കൃത്യമായി തിരിച്ചറിഞ്ഞു എന്നിടത്താണ് മോഡിയുടെ ആദ്യവിജയം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം പ്രസിഡന്‍ഷ്യല്‍ ശൈലിയില്‍ മോഡി നടത്തിയ പ്രചാരണം ഈ തിരിച്ചറിവില്‍ നിന്നുളവായതാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിങ്ങിന്റെ നേതൃഗുണങ്ങള്‍ അല്ലെങ്കില്‍ അവയുടെ അഭാവം ചര്‍ച്ച ചെയ്യപ്പെട്ട് തുടങ്ങിയത് മോഡിയുടെ ദില്ലീ രാഷ്ട്രീയത്തിലേക്കുള്ള വരവോടെയാണ്. പാര്‍ട്ടി എന്ന നിലയില്‍ കഴിഞ്ഞ പത്ത് വര്‍ഷ കാലയളവിലെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ കൂടി പരാജയമാണ് ഇതിലൂടെ മോഡി വെളിപ്പെടുത്തിയത്. എല്‍.കെ അദ്വാനിയെപ്പോലുള്ള മുതിര്‍ന്ന നേതാവിന്റെ പ്രകടമായ നീരസത്തെ അവഗണിച്ച് മുന്നോട്ടുപോകാന്‍ പാര്‍ട്ടിയില്‍ മോഡിയ്ക്ക് സാധിച്ചതും ഇതുകൊണ്ടാണ്.

 

എടുത്ത തീരുമാനങ്ങളില്‍, ആ തീരുമാനങ്ങളോട് ആരൊക്കെ യോജിച്ചാലും വിയോജിച്ചാലും, ഉറച്ചുനില്‍ക്കാനും നടപ്പിലാക്കാനും പ്രകടിപ്പിച്ച ദൃഡനിശ്ചയമാണ് ജനങ്ങളുടെ ഇടയില്‍ നേതാവ് എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ മോഡിയ്ക്ക് സഹായകരമായത്. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്ത് ഇത്രയേറെ ആക്രമിക്കപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ നേതാവില്ല. എന്നാല്‍, മോഡിയ്ക്കെതിരെയുള്ള പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവായ 2002-ലെ ഗുജറാത്ത് കലാപത്തെ ഏറെക്കുറെ പൂര്‍ണമായി അവഗണിക്കുന്ന തന്ത്രപരമായ സമീപനമാണ് മോഡി കഴിഞ്ഞ കുറേക്കാലമായി സ്വീകരിച്ചത്. ആരോപണങ്ങള്‍ക്ക് തുടര്‍ച്ചയായി മറുപടി നല്‍കാതെ വിരുദ്ധ പ്രചാരണത്തിന്റെ മുനയൊടിക്കുകയാണ് ഇതിലൂടെ മോഡി ചെയ്തത്. മാത്രവുമല്ല, ഈ പ്രചരണം മോഡിക്ക് ഒരര്‍ത്ഥത്തില്‍ ഉര്‍വശീ ശാപമായി മാറി എന്നും കാണാം. കലാപത്തെ കേന്ദ്രീകരിച്ച് ഗുജറാത്തില്‍ മോഡിയെന്നാല്‍ ബി.ജെ.പിയും ബി.ജെ.പിയെന്നാല്‍ മോഡിയുമെന്ന ഈ പ്രചരണമാണ് മോഡിയെ ആദ്യം ബി.ജെ.പിയുടെ മുഖം ആയി പ്രതിഷ്ഠിച്ചത്. ഇങ്ങനെ മോഡിയെ ബി.ജെ.പിയുടെ പ്രതിബിംബമാക്കുന്നത് ആ പാര്‍ട്ടിയെ തൊട്ടുകൂടായ്മ കല്‍പ്പിച്ച് ഒറ്റപ്പെടുത്താന്‍ സഹായകമായിരുന്നു. എന്നാല്‍, മോഡിയുടെ പേരില്‍ ബി.ജെ.പിക്ക് അസ്പ്രുശ്യത കല്‍പ്പിച്ചപ്പോള്‍ ആ അസ്പ്രുശ്യതയില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കാനുള്ള ദൗത്യം സ്വാഭാവികമായി മോഡിയില്‍ വന്നു. 

 

ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായ സമവായം ഉരുത്തിരിഞ്ഞിട്ടുള്ള വികസനം എന്ന വിഷയത്തെ വിജയകരമായി തന്റെ പ്രചാരണത്തിന്റെ കേന്ദ്രമാക്കി മാറ്റിയാണ് മോഡി ഈ ദൗത്യത്തിലേക്ക് നീങ്ങിയത്. 1991-ലെ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് ശേഷം ജനിച്ച തലമുറയ്ക്ക് ജി.ഡി.പി വളര്‍ച്ചയാണ് വികസനത്തിന്റെ അളവുകോല്‍ എന്നതുകൊണ്ട്‌ തന്നെ ഈ തലമുറ ആദ്യമായി വോട്ടു ചെയ്യാനെത്തിയ ഈ തെരഞ്ഞെടുപ്പില്‍ ഈ വിഷയത്തെ സമര്‍ഥമായി ഉപയോഗപ്പെടുത്താന്‍ നരേന്ദ്ര മോഡിയ്ക്ക് കഴിഞ്ഞു. 1991-ല്‍ ധനമന്ത്രി എന്ന നിലയില്‍ ഉദാരവല്‍ക്കരണ നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ച മന്‍മോഹന്‍ സിങ്ങ് തന്നെ പ്രധാനമന്ത്രി പദത്തില്‍ ഇരുന്നിട്ടും വികസനം എന്ന വിഷയം ഉപയോഗപ്പെടുത്താന്‍ മോഡിയ്ക്ക് കഴിഞ്ഞു എന്നത് യഥാര്‍ഥത്തില്‍ കാണിക്കുന്നത് നേരത്തെ സൂചിപ്പിച്ചത് പോലെ കോണ്‍ഗ്രസിലെ നേതൃത്വ രാഹിത്യത്തെ മോഡി ഉപയോഗപ്പെടുത്തുന്നതാണ്. വികസന രീതികളിലും മോഡി പുലര്‍ത്തുന്ന സ്വേച്ഛാധികാര പ്രവണതകള്‍ക്ക് നേരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെകിലും പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി എന്ന ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ വികസന സങ്കല്‍പ്പം ഈ ആരോപണങ്ങള്‍ പോലും മോഡിയ്ക്ക് സഹായകരമായി മാറ്റുകയായിരുന്നു. ഒപ്പം, രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഉയര്‍ന്ന്‍ വന്ന വന്‍ അഴിമതി ആരോപണങ്ങളും ഡല്‍ഹി കൂട്ടബലാല്‍സംഗത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ഉയര്‍ന്ന ആശങ്കകളും മധ്യവര്‍ഗ്ഗത്തിന്റെ വികസന സങ്കല്‍പ്പങ്ങളോട് ഒപ്പം ചേര്‍ക്കാനും മോഡി ശ്രദ്ധിച്ചു. തന്റെ നേതൃത്വ പ്രതിച്ഛായയിലൂടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തനിക്ക് കഴിയും എന്ന വിശ്വാസം ജനിപ്പിക്കാനും മോഡിയ്ക്ക് കഴിഞ്ഞു.  

 

ഈ പശ്ചാത്തലത്തില്‍ അധികാരത്തില്‍ എത്തുന്ന മോഡി ഇന്ത്യന്‍ ജനായത്തത്തിന്റെ ശക്തി കൃത്യമായി തിരിച്ചറിയുന്നുണ്ട് എന്ന്‍ കരുതാം. ജനായത്തത്തിന്റെ ശക്തി കാണിച്ചുതരുന്നതാണ് ഈ തവണയും തെറ്റിയ എക്സിറ്റ് പോള്‍ ഫലങ്ങള്‍. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രവചനങ്ങള്‍ തെറ്റിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ വരികയായിരുന്നുവെങ്കില്‍ ഇത്തവണ പ്രവചനങ്ങളില്‍ കണ്ടതിലേറെ സീറ്റ് നേടിയാണ്‌ ബി.ജെ.പി അധികാരത്തില്‍ എത്തുന്നത്. മൂന്ന്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു കക്ഷിയ്ക്ക് കേവല ഭൂരിപക്ഷം നല്‍കി ഇതിനിടയില്‍ ഇനി മാറ്റമില്ലെന്ന് കരുതപ്പെട്ടിരുന്ന സഖ്യരാഷ്ട്രീയത്തിനും പ്രാദേശിക കക്ഷികളുടെ കേന്ദ്ര സര്‍ക്കാറിലെ സ്വാധീനത്തിനും കൂടി താല്‍ക്കാലികമായി വിശ്രമം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ജനത. ഈ അപ്രവചനീയതയും പരീക്ഷണങ്ങള്‍ക്ക് വിധേയമാകാനുള്ള സന്നദ്ധതയുമാണ്‌ ഇന്ത്യന്‍ ജനായത്തത്തെ ശക്തമാക്കുന്നത്. അതേസമയം, ഈ ശക്തിയുടെ ബലത്തിലാണ് ജനായത്തത്തിന് ചേരാത്ത വിധമുള്ള അനഭിലഷണീയമായ അനേകം കാര്യങ്ങള്‍ അരങ്ങേറുന്നതും. മോഡി എന്ന നേതാവ് ഇനിയാണ് ജനങ്ങള്‍ക്ക് മുന്നില്‍ പരീക്ഷിക്കപ്പെടാന്‍ പോകുന്നത്. എത്രതന്നെ മിനുക്കുപണി ചെയ്താലും സ്വർണ്ണപ്പണിക്കാരൻ മുക്കുപണ്ടം ബുദ്ധിമുട്ടു കൂടാതെ തിരിച്ചറിയുന്നതുപോലെ മുഖം മിനുക്കുന്ന നേതാവിനേയും യഥാർഥ നേതാവിനേയും സാധാരണ ജനം പെട്ടന്ന് തിരിച്ചറിയും. ഇവിടെ മോഡിയുടെ മുന്നിലുള്ള സാധ്യതകള്‍ തുറന്നതാണ്. മോഡി അത് എങ്ങനെ വിനിയോഗിക്കുന്നു എന്നതായിരിക്കും ഇന്ത്യന്‍ ജനായത്തത്തില്‍ 2014 സൃഷ്ടിച്ച വഴിത്തിരിവിന്റെ ദിശ വ്യക്തമാക്കുക.