Skip to main content

vs and kk remaവി.എസ് അച്യുതാനന്ദൻ പറയുന്നത് ലളിതം. ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമ പറയുന്നതും. ഒപ്പം ദേശതാൽപ്പര്യവും. സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് തന്റെ ഭർത്താവും ആർ.എം.പി നേതാവുമായിരുന്ന ടി.പി.ചന്ദ്രശേഖരൻ കൊല ചെയ്യപ്പെട്ടതെന്നാണ് രമയുടെ പരാതി. സംസ്ഥാന നേതൃത്വം എന്നതുകൊണ്ട് രമ ഉദ്ദേശിക്കുന്നത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും അദ്ദേഹവുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന പാർട്ടി നേതാക്കളുമാണ്. രമ ഗൂഢാലോചനയുടെ പേരിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെങ്കിൽ അച്യുതാനാന്ദൻ  ആ ആവശ്യമുന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കത്തയച്ചത്  രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമായി ടി.പി കൊലക്കേസ്സിലെ കുറ്റവാളികൾക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ്. അതും ചെന്നു തറയ്ക്കുന്നത് സി.പി.ഐ.എം നേതൃത്വത്തിന്റെ നേർക്കാണ്. സ്വർണ്ണക്കടത്തു കേസ്സിലെ പ്രതി ഫയാസിന് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന രാജ്യാന്തര തീവ്രവാദ ബന്ധമാണ് വി.എസ് കത്തില്‍ എടുത്തുപറയുന്നത്. ഫയാസിന്റെ ഭാര്യാ സഹോദരിയുടെ വിവാഹ ആഘോഷച്ചടങ്ങിൽ സി.പി.ഐ.എം നേതാക്കൾ എത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു പുറമേ ടി.പി. കൊലക്കേസ് പ്രതികളെ ഫയാസ് കോഴിക്കോട് ജയിലിൽ സന്ദർശിക്കുകയും ചെയ്തിരുന്നു.

 

പാർലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വി.എസ് നേതൃത്വത്തിനെതിരെ ഉന്നയിച്ചിരിക്കുന്ന വെടി പാർട്ടിനേതൃത്വത്തെയും ഇടതുപക്ഷത്തെ മൊത്തത്തിലും വെട്ടിലാക്കുന്നതാണ്. ടി.പി വധവും അതിനുശേഷമുണ്ടായ പൊതു വികാരവും ഏറ്റവും ഒടുവിൽ ടി.പി വധക്കേസ്സിലെ കുറ്റവാളികളെ വിയ്യൂർ സെൻട്രൽ ജയിലിൽ കോടിയേരി ബാലകൃഷ്ണൻ ഉൾപ്പടെയുള്ള നേതാക്കൾ കാണാൻ പോയതുമൊക്കെ പാർട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വധ ഗൂഢാലോചനയും രാജ്യദ്രോഹത്തിലേർപ്പെടുന്നവരുമായുള്ള ബന്ധവും പരോക്ഷമായി എന്നാൽ പ്രത്യക്ഷമായിത്തന്നെ സി.പി.ഐ.എം നേതൃത്വത്തിനു നേരേ ഉന്നയിക്കും വിധം വി.എസ് പെരുമാറിയിരിക്കുന്നത്. കേരളീയ സമൂഹത്തോട് ഇന്നത്തെ സാഹചര്യത്തിൽ സി.പി.ഐ.എമ്മിന് വോട്ടു ചെയ്യരുതെന്നു പറയുന്നതിനു തുല്യമാണ് രമയുടെ ആവശ്യത്തെ ന്യായീകരിച്ചുകൊണ്ട് വി.എസ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരിക്കുന്നത്. മാത്രവുമല്ല യു.ഡി.എഫ് തയ്യാറാക്കിയ തിരക്കഥ എന്ന് രമയുടെ സമരത്തെ അപഹസിച്ച സി.പി.ഐ.എം നേതൃത്വത്തിന് ഇനി അതില്‍ ഉറച്ചുനില്‍ക്കണമെങ്കില്‍ തിരക്കഥാ നിർമ്മാണത്തിൽ വി.എസിനേയും ഉൾപ്പെടുത്തി കാണേണ്ടി വരും.

 

വി.എസിന്റെ ഇപ്പോഴത്തെ വെടിപൊട്ടിക്കൽ വാസ്തവത്തിൽ ഏറ്റവും കൂടുതൽ ബാധിക്കുക പാർട്ടി കേന്ദ്രനേതൃത്വത്തെയാണ്. കാരണം, കേരളത്തിൽ നിന്നു ലഭ്യമാകുന്ന ചില സീറ്റുകളിലൂടെ പാർലമെന്റിൽ അസ്ഥിത്വം ഉറപ്പിക്കാമെന്ന കണക്കുകൂട്ടലാണ് പാർട്ടി കേന്ദ്രനേതൃത്വത്തിനുള്ളത്. താന്‍ സ്വയമേവ പാര്‍ട്ടി വിടില്ലെന്നതും അതേസമയം, പാര്‍ട്ടിയില്‍ തുടരുക പിണറായി വിജയനെതിരെയുള്ള നിലപാടുമായിട്ടായിരിക്കുമെന്നതും വി.എസ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ പാര്‍ട്ടി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ ഇത് രണ്ടാം തവണയാണ് പരസ്യമായി വി.എസ്സിന്റെ നിലപാടിനെ തള്ളുന്നത്. എന്നാല്‍, ആം ആദ്മി പാര്‍ട്ടിയുടെ ഡെല്‍ഹി വിജയത്തിലൂടെ ദേശീയ തലത്തില്‍ സംജാതമായിരിക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ വി.എസിനെതിരെ പുറത്താക്കല്‍ നടപടി കേന്ദ്രനേതൃത്വത്തിന് അചിന്ത്യമായിരിക്കും. പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ ചെകുത്താനും കടലിനും നടുവില്‍ നിര്‍ത്തിയിരിക്കുകയാണ് വി.എസ്.

 

തെരഞ്ഞെടുപ്പു വേളകളിലും അതിന് പശ്ചാത്തലമൊരുക്കിക്കൊണ്ട് പാർട്ടി സെക്രട്ടറി നടത്താറുള്ള പ്രചാരണയാത്രയുടെയെല്ലാം ഇടയ്ക്കുവച്ച് വി.എസ് ഇത്തരത്തിലുള്ള നീക്കങ്ങളോടെ പാർട്ടിയേയും മുന്നണിയേയും കെണിയിൽ പെടുത്താറുണ്ട്. ഒടുവിൽ വീണുകിട്ടുന്ന അവസരത്തെ വിനിയോഗിച്ച് താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പാർട്ടിയിലൂടെ സാധിച്ചെടുക്കുന്നതിൽ വിജയിക്കുകയും ചെയ്യാറുണ്ട്. 2009-ലെ ലോകസഭാ തെരഞ്ഞെടുപ്പ് തന്നെ ഈ സന്ദര്‍ഭത്തില്‍ ഏറ്റവും ഉചിതമായ ഉദാഹരണമായിരുക്കും.