Skip to main content

നൂറ് ശതമാനം സാക്ഷരത കൈവരിച്ച കേരളം കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതിന് ഇതുവരെ പ്ലാന്റുകള്‍ സ്ഥാപിക്കാതിരുന്നതിന് ഒരു ന്യായീകരണവുമില്ലെന്ന് സുപ്രീം കോടതി  അഭിപ്രായപ്പെട്ടിരിക്കുന്നു. മാലിന്യപ്ലാന്റ് സംസ്‌കരണ നിര്‍മാണത്തിന്റെ പുരോഗതി നിരീക്ഷിക്കാന്‍ സുപ്രീം കോടതി ഹൈക്കോടതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പ്രത്യക്ഷത്തില്‍ നോക്കുമ്പോള്‍ ഇതു സംസ്ഥാന ഗവന്മെന്റിന്റെ വീഴ്ച തന്നെയാണ്. ആ നിലയ്ക്കാണ് പ്രഥമികമായി  സുപ്രീം കോടതി വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ പരോക്ഷമായി ഓരോ കേരളീയന്റേയും നേര്‍ക്കാണ് പരമോന്നത നീതിപീഠത്തിന്റെ ചോദ്യം. നൂറ് ശതമാനം സാക്ഷരതനേടിയിട്ടും എന്തുകൊണ്ട് ഇതുവരെ മനുഷ്യവിസര്‍ജ്യം അവനവനുതന്നെ ദോഷം വരാത്തവിധം സംസ്കരിക്കാന്‍ നടപടികള്‍ കൈക്കൊണ്ടില്ല എന്ന്.

 

സുപ്രീം കോടതിയുടെ ഈ ചോദ്യത്തിന് ഉത്തരം കാണേണ്ടത് ഓരോ മലയാളിയുടേയും ഉത്തരവാദിത്വമാണ്. സ്വയം നശിക്കാനുള്ള  പ്രവൃത്തികളില്‍ മുഴുകി മുന്‍ഗണനകളെ തിരിച്ചറിയാന്‍ വയ്യാത്ത സമൂഹമായിരിക്കുന്നു എന്നാണ് കോടതിയുടെ ചോദ്യം ചൂണ്ടിക്കാണിക്കുന്നത്. ഭൂഗര്‍ഭജലത്തിലെ കോളീഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും കൂടുതലാണ് എന്നുള്ള പരിശോധനാ റിപ്പോര്‍ട്ടുകള്‍ എക്‌സ്‌ക്ലൂസീവ് വാര്‍ത്തയായി  പ്രക്ഷേപണം ചെയ്‌തോ പ്രസിദ്ധീകരിച്ചോ തങ്ങളുടെ മാധ്യമത്തിന്റെ പ്രചാരം വര്‍ധിപ്പിക്കുക എന്ന പ്രക്രിയയില്‍ ഏര്‍പ്പെടാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നുണ്ട്. സര്‍ക്കാറിനെ കുറ്റപ്പെടുത്തിയതിനെ പ്രാധാന്യത്തോടെ എടുത്തുകാട്ടും വിധമാണ് സുപ്രീംകോടതിയുടെ വിധി മാധ്യമങ്ങള്‍ കൈകാര്യം ചെയ്തതും. എന്നാല്‍ ഈ സംസ്ഥാനത്തിന്റെ, എന്നുവെച്ചാല്‍ ജനതയുടെ ജീവിതത്തിന്റെ മുന്‍ഗണനകള്‍ എന്തെല്ലാമാണെന്ന് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനോ ആ വിഷയം ക്രിയാത്മകമായി  അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനോ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല. അതിന് മാധ്യമങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം മാധ്യമപ്രവര്‍ത്തകരും ഈ സമൂഹത്തിന്റെ പ്രതിനിധികളാണ്. ക്രിയാത്മകമായി പ്രവര്‍ത്തിക്കാനുള്ള അവസരം എപ്പോഴും അവരുടെ മുന്നില്‍ തുറന്നുകിടപ്പുണ്ടെങ്കിലും.

 

സാക്ഷരതയും അവബോധവും ഇല്ലാത്ത സമൂഹങ്ങള്‍ ചില ആചാരങ്ങളുടെ തുടര്‍ച്ചയായി അല്ലെങ്കില്‍ ചില അന്ധവിശ്വാസങ്ങളുടെ അകമ്പടിയുള്ള കീഴ്വഴക്കങ്ങളുടെ ഭാഗമായി  ശുചിത്വം പാലിച്ച് അവരുടെ സ്വഭാവത്തിന്റെ ഭാഗമായി അനുവര്‍ത്തിക്കാറുണ്ട്. കേരളത്തില്‍ സാക്ഷരതയുടേയും ബുദ്ധിയുടേയും വേലിയേറ്റത്തില്‍  അന്ധവിശ്വാസങ്ങളില്‍ നിന്നു ലഭ്യമാകുന്ന പ്രയോജനം പോലും ലഭിക്കാത്ത സാമൂഹ്യ അബോധാവസ്ഥയിലേക്ക് വഴുതിണതിന്റെ ലക്ഷണമാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്ന ഓരോ രീതിയിലുള്ള വാര്‍ത്തകളിലൂടെ പ്രകടമാകുന്നത്. ആവശ്യമുള്ളതിനെ തിരിച്ചറിയാന്‍ കഴിയാതെ മറ്റുള്ളവന്റെ നാശത്തെ ആസ്വാദിക്കുന്ന വാര്‍ത്തകള്‍ക്കും അത്തരത്തിലുള്ള വിനോദപരിപാടികള്‍ക്കുമായി കാത്തിരിക്കുന്നു. അതായത് മാലിന്യതുല്യമായ പരിപാടികളില്‍ ആസ്വാദനം കണ്ടെത്തുന്നു. നമ്മളുടെ മലം നമ്മള്‍ വൃത്തിയാക്കുമെന്ന് ഉറപ്പില്ലാത്ത അവസ്ഥ പരമോന്നത  നീതിപീഠത്തിനു ഉണ്ടായിരിക്കുന്നു. അതുകൊണ്ടാണ് അതു നിരീക്ഷിക്കാന്‍ ഹൈക്കോടതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

 

നിയമസഭ നടത്താന്‍ ബുദ്ധിമുട്ടായതിനാല്‍ ഇക്കുറി സഭാസമ്മേളനം വെട്ടിച്ചുരുക്കി. കൂടിയ ദിവസങ്ങളില്‍ കൂടാന്‍ കഴഞ്ഞതുമില്ല. എന്തിനും ഏതിനും അടിയന്തിരപ്രമേയം വരുന്ന സഭയില്‍ മലമാലിന്യസംസ്‌കരണത്തിനുവേണ്ടി  കുറച്ചുസമയം  ക്രിയാത്മകമായി  നീക്കിവെച്ച് ഒരു പരിഹാരത്തിലേക്ക് നീങ്ങുന്നതിനുള്ള വഴിയൊരുക്കാന്‍ കഴിയാതെ പോയി. സ്വന്തം മലം സംസ്‌കരിക്കാന്‍ ശ്രദ്ധയില്ലാത്ത ജനതയ്ക്ക് ലജ്ജ ഉണ്ടാവുക സ്വാഭാവികമല്ല.  സമ്പൂര്‍ണ്ണമായ, അതായത് ബോധോദയതുല്യമായ, അറിവിന്റെ വെളിച്ചത്തില്‍ മനുഷ്യന് ലജ്ജ ഇണ്ടാകും. മലയാളിക്ക് എന്തിന്റെ പേരിലാണ് ലജ്ജ നഷ്ടമായതെന്ന് സ്വയം ചിന്തിച്ചുനോക്കാന്‍ ഓരോ മലയാളിയും തയ്യാറാവണമെന്നാണ് സുപ്രീംകോടതി  ചോദ്യത്തിലൂടെയും  നടപടികളിലൂടെയും നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്. അജ്ഞതയില്‍ ലജ്ജ നഷ്ടമായ സമൂഹം നാശത്തിന്റെ വഴിയിലാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയുടെ ആവശ്യകതിയില്ല.