ഇന്ത്യയിലെ ക്ഷേമ പദ്ധതികളുടെ നടത്തിപ്പില്‍ സമൂലമായ മാറ്റത്തിന് അരങ്ങ് ഒരുങ്ങുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സബ്സിഡികളും ആനുകൂല്യങ്ങളും ഉപഭോക്താക്കളിലേക്ക് ബാങ്ക് അക്കൌണ്ടിലൂടെ നേരിട്ട് പണമായി നല്‍കുന്ന പദ്ധതിക്ക് പുതുവര്‍ഷ ആരംഭം സാക്ഷ്യം വഹിക്കും. സ്കോളര്‍ഷിപ്പുകള്‍, ക്ഷേമ പെന്ഷനുകള്‍ എന്നിവ പത്തനംതിട്ട, വയനാട് അടക്കം രാജ്യത്തെ 43 ജില്ലകളില്‍ പ്രാഥമിക ഘട്ടത്തിലും റേഷന്‍ ധാന്യങ്ങള്‍, മണ്ണെണ്ണ, പാചക വാതകം എന്നിവയുടെയെല്ലാം സബ്സിഡി തുടര്‍ ഘട്ടങ്ങളിലും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. കേരള സര്‍ക്കാരും തങ്ങളുടെ സബ്സിഡികളും ആനുകൂല്യങ്ങളും ഇതേ രീതിയില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ കര്‍ഷകരുടെ രെജിസ്ട്രഷന്‍ പൂര്‍ത്തിയായി. വിദ്യാര്‍ഥികളുടെത് നടന്നു വരുന്നു. ജനങ്ങള്‍ക്ക് നേരിട്ട് സബ്സിഡികളും ആനുകൂല്യങ്ങളും വിതരണം ചെയ്യുക വഴി നിലവില്‍ വ്യാപകമായിട്ടുള്ള ഇടനിലക്കാരുടെ വെട്ടിപ്പ് തടയുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പദ്ധതിക്കെതിരെ വിമര്‍ശനങ്ങളും കുറവല്ല. സാധനങ്ങള്‍ മുഴുവന്‍ വിലയും നല്‍കി വാങ്ങേണ്ടി വരുന്നത് ദരിദ്രരും ആവശ്യക്കാരുമായ ജനങ്ങളെ പൊതു വിതരണ സംവിധാനങ്ങളില്‍ അകറ്റും എന്നതാണ് പ്രധാനമായ ആശങ്ക. സമയബന്ധിതമായി സബ്സിഡികള്‍ വിതരണം ചെയ്യാന്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിലൂടെ കഴിയുമോ എന്നത് മറ്റൊരു പ്രശ്നം. പക്ഷെ, അര്‍ഹരായവരുടെ അക്കൌണ്ടുകളിലേക്ക് ഓരോ മാസത്തെയും റേഷന്‍ ധാന്യം വാങ്ങുന്നതിനുള്ള പണം മുന്‍കൂറായി നിക്ഷേപിക്കാന്‍ തീരുമാനിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഈ രണ്ടു പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം മുന്നോട്ടു വെച്ചിട്ടുണ്ട്. ധാന്യം വാങ്ങുന്നതില്‍ മൂന്നു തവണ വീഴ്ച വരുത്തിയാല്‍ മുന്കൂറായി പണം നല്‍കുന്നത് നിര്‍ത്തും.
രണ്ടു കാര്യങ്ങള്‍ ഇവിടെ ശ്രെദ്ധെയമാണ്. ഒന്ന്, ഈ പദ്ധതിയുമായി ബന്ധപ്പെട്ടു നടക്കുന്ന പൊതു ചര്‍ച്ചകളും അതിലൂടെ ഉയരുന്ന ആശങ്കകളും പരിഗണിച്ചു കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. രണ്ട്, ആധാര്‍ കാര്‍ഡ്, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവയിലൂടെ സാധിതമാകുന്ന ഇലക്ട്രോണിക് ശ്രംഖല ക്ഷേമ പദ്ധതികളുടെ നടത്തിപ്പില്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജനാധിപത്യ-ക്ഷേമരാഷ്ട്ര സങ്കല്‍പ്പങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഇവ രണ്ടും. ദൈനംദിന ജീവിതത്തിലെ അഴിമതിയുടെ വേരുകളെ കുറച്ചെങ്കിലും പിഴുതു മാറ്റാനും ഇതു സഹായകമാണ്. ആനുകൂല്യങ്ങള്‍ നിഷേധിച്ചും ഉപയോഗപ്പെടുത്താത്ത സബ്സിഡി വെട്ടിച്ചും നടത്തുന്ന ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കെണ്ടതാണെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാവില്ല. അതിനു ഇന്ന് ഏറ്റവും സഹായകമാകുക വിവര സാങ്കേതിക വിദ്യ തന്നെയാണ്. മനുഷ്യര്‍ തമ്മില്‍ സ്ഥല-കാലങ്ങളിലുള്ള അകലം ഇല്ലാതാക്കിയ, സാമൂഹ്യ ബന്ധങ്ങളെ പുനര് നിര്‍വചിച്ച ഈ സാങ്കതിക വിദ്യക്ക് ഭരണകൂടവും ജനങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കാനും കഴിയും. അങ്ങനെ മാത്രമേ നിലവില്‍ ഭരണകൂടത്തെ ഗ്രസിച്ചിരിക്കുന്ന വ്യാധികളെ ചികിത്സിക്കാന്‍ പറ്റൂ. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ എത്രയും പെട്ടെന്ന് നിലവില്‍ വരുത്തുക എന്നതാണ് ഇന്ന് സര്‍ക്കാരുകള്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. എല്ലാ വീടുകളിലും ഒരാള്‍ക്കെങ്കിലും അക്കൌണ്ട് തുടങ്ങി രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ബാങ്കിംഗ് ജില്ലയായി മാറിയ എറണാകുളം ഇക്കാര്യത്തില്‍ ഒരു മാതൃകയാകുന്നു.