Skip to main content
Drug abuse കേരളം മയക്കുമരുന്നിൻ്റെ പിടിയിലമർന്നു കഴിഞ്ഞു. ആർക്ക് വേണമെങ്കിലും എവിടെ നിന്നും യഥേഷ്ടം ഏതു രീതിയിലുള്ള മയക്കുമരുന്നും ലഭ്യമാകുന്ന അവസ്ഥ. കൊച്ചി കേന്ദ്രീകൃതമായി ഇപ്പോൾ പോലീസ് വൻ  മയക്കുമരുന്ന്  വേട്ടയിലാണ്. ഇതിൻറെ ഭാഗമായി  ഫെബ്രുവരി 16ന് കൊച്ചിയിൽ വ്യാപകമായ വാഹനപരിശോധന നടത്തുകയുണ്ടായി. തുടർന്ന് 230 ഓളം വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ അവയെല്ലാം  വാഹന സംബന്ധമായ രേഖകളുടെ അഭാവത്തിലും ലൈസൻസില്ലാതെ വാഹനമോടിച്ചതിൻ്റെ   പേരിലും ഒക്കെയാണ്.
     കേരളത്തിൽ ബാറുകൾ നിരോധിക്കപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലാണ് ഹോട്ടലുകൾ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് പാർട്ടികളും മറ്റും വ്യവസ്ഥാപിതമായ രീതിയിൽ അരങ്ങേറി തുടങ്ങിയത്.
ഇതിനോടൊപ്പം ത്വരിതഗതിയിൽ  ശക്തിപ്രാപിച്ചതാണ്  വൻതോതിലുള്ള ലൈംഗികചൂഷണം. മയക്കുമരുന്ന് കടത്തിനായി പെൺകുട്ടികളെ മുഖ്യമായും ഉപയോഗിച്ചുതുടങ്ങി.  തുടക്കത്തിൽ പെൺകുട്ടികളെ ലഹരിക്ക് അടിമകളാക്കുകയും തുടർന്ന് അവരെ ഇതിൻറെ കടത്തിന് ഉപയോഗിക്കുകയുമാണ് മയക്കുമരുന്ന് മാഫിയ സംഘം ചെയ്യുന്നത്.

ഇപ്പോൾ ബാറുകൾ എവിടെയും. അവശേഷിക്കുന്ന സ്ഥലങ്ങളിൽ കൂടി പുതിയ ബാറുകളും ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളും  ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.
ഇതിനെ തുടർന്ന് ഇപ്പോൾ ബാർ ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് പാർട്ടികൾ നടക്കുന്നത് പതിവായി. ഇതിനോടൊപ്പം പുത്തൻ രീതിയിലെ പെൺവാണിഭവും . ഇതെല്ലാം നടക്കുന്നത് രാഷ്ട്രീയമായും ഔദ്യോഗിക തലത്തിലും ഉന്നതങ്ങളിൽ ഉള്ളവരുടെ ഒത്താശയോടെ തന്നെയാണ്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഒരു കണ്ടെയ്നർ നിറയെ മയക്കുമരുന്ന് ആറ്റിങ്ങൽ എത്തിയത്. എന്നാൽ അത് കൊണ്ടുവന്നത് ആരാണെന്നോ കൊടുത്തയച്ചത് ആരാണെന്നോ  ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

താഴെ തലങ്ങളിൽ കൈമാറ്റ  ഘട്ടത്തിൽ വെച്ച് ചിലർ പിടിക്കപ്പെടുന്നു. അതിൻറെ പേരിൽ എങ്ങുമെത്താതെ അന്വേഷണങ്ങളും. കൊച്ചിയിലെ മിക്ക സ്ഥലങ്ങളുമായി കൂട്ടിച്ചേർത്ത് അറിയപ്പെടുന്ന മയക്കുമരുന്ന് കേസ്സുകളുണ്ട്. അതിലെല്ലാം താഴെ തട്ടിൽ ചില അറസ്റ്റുകൾ നടന്നതൊഴിച്ചാൽ ഒന്നുംസംഭവിക്കുന്നില്ല.