Skip to main content

ചവറ കുട്ടനാട് മണ്ഡലങ്ങളില്‍ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാട് തേടി മുഖ്യമന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ചു. രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ച് ഈ വിഷയം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് അഭിപ്രായമാരാഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ സമീപിച്ചത്. 

എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമെങ്കില്‍ ഉപതിരഞ്ഞെടുപ്പും നടത്താമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. കോവിഡ് വ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുമുണ്ടാകും. അങ്ങനെയെങ്കില്‍ തദ്ദേശതിരഞ്ഞെടുപ്പ് മാറ്റിവെക്കുകയും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കുകയും ചെയ്യാം എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഈ നിലപാടായരിക്കും  സര്‍ക്കാരിനെ പ്രതിപക്ഷം അറിയിക്കുക. 

തിരഞ്ഞെടുപ്പ് വേണ്ടെന്ന ആവശ്യം സര്‍ക്കാര്‍ ഉയര്‍ത്തുന്നത് രണ്ട് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചുവേണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. മറ്റൊന്ന് സംസ്ഥാന നിയമസഭക്ക് ഇനി ആറുമാസത്തെ കാലാവധിയേയുളളൂ. അതിനാല്‍ വിജയിച്ചുവരുന്ന എം.എല്‍.എമാര്‍ക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിനുളള പൊതുപെരുമാററച്ചട്ടം അടക്കമുളളവ നിലവില്‍ വരുന്ന ഏപ്രില്‍ മാസത്തിന് തൊട്ടുമുമ്പുവരെ മാത്രമേ പ്രവര്‍ത്തന കാലാവധി ഉണ്ടാവുകയുളളൂ. എന്നുവച്ചാല്‍ കഷ്ടിച്ച് അഞ്ച് മാസം.  
ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കാം എന്ന നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കുന്നത്.