Skip to main content

പാര്‍ട്ടിയുടെ കാലിനടിയിലെ മണ്ണ് ബി.ജെ.പി കൊണ്ടുപോകുന്ന സ്ഥിതിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മുന്നറിയിപ്പ്. രാത്രി ആർഎസ്എസും പകൽ കോൺഗ്രസുമാകുന്നവരെയല്ല, ഉറച്ച മതേതര മുഖമുള്ളവരെയാണ് പാർട്ടിക്ക് വേണ്ടതെന്ന്‍ ആന്റണി പറഞ്ഞു. കെപിസിസി വിശാല എക്‌സിക്യൂട്ടീവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

നേതാക്കള്‍ തമ്മില്‍ പിണങ്ങിനിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കുമെന്ന് പറഞ്ഞ ആന്റണി പാര്‍ട്ടി ഇല്ലെങ്കില്‍ ആരുമില്ലെന്ന് ഓര്‍ക്കണമെന്നും പാര്‍ട്ടി വിട്ടുപോയാല്‍ നേതാക്കള്‍ ഒന്നുമല്ലാതാകുമെന്നും മുന്നറിയിപ്പ് നല്‍കി.

 

യുവജന വിദ്യാര്‍ഥി നേതാക്കള്‍ പ്രസ്താവനയില്‍ ജീവിക്കുകയാണെന്നും ആന്റണി കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ചോദ്യം ചെയ്യാനുള്ള ആര്‍ജവം നഷ്ടമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്ന ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്ന പരിപാടിയിലാണ് ആന്റണി ഈ അഭിപ്രായ പ്രകടനം നടത്തിയത്.

Tags