Skip to main content

ചലച്ചിത്ര പ്രദര്‍ശനം നിര്‍ത്തിവെച്ച് നടന്ന തിയറ്റര്‍ സമരം പിന്‍വലിച്ചു. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറാണ് ഒരു മാസം പിന്നിട്ട സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകളുടെ  പുതിയ സംഘടന തുടങ്ങാൻ നീക്കം നടക്കുന്നതിനിടെയാണ് തീരുമാനം.

 

സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചതെന്നും ഇന്നുമുതല്‍ സിനിമാ പ്രദര്‍ശനം തുടങ്ങുമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. ജനുവരി 26-നാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. സിനിമാ പ്രതിസന്ധി അവസാനിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ ആദ്യം സമരം പിന്‍വലിക്കുകയാണ് വേണ്ടതെന്ന് വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.

 

അതിനിടയില്‍ ഫെഡറേഷൻ വിട്ട തിയറ്റർ ഉടമകളും നിർമാതാക്കളും പുതിയ സംഘടനയ്ക്ക്  ഇന്ന്  കൊച്ചിയിൽ രൂപം നൽകും. നടൻ ദിലീപിന്റെയും നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ സാന്നിധ്യത്തിലാകും സംഘടനാ രൂപികരണം. ഫെഡറേഷന്‍ അംഗങ്ങളായ 57 തീയേറ്റര്‍ ഉടമകള്‍ പുതിയ സംഘനയ്ക്ക് സഹകരണം അറിയിച്ച് വന്നിട്ടുണ്ടെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി എം. രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു.

 

തിയറ്റര്‍ വിഹിതം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്നാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരം തുടങ്ങിയത്. നിലവിലെ 60:40 അനുപാതത്തിന് പകരം തിയറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് എ ക്ലാസ് തിയറ്റര്‍ ഉടമകള്‍ ക്രിസ്മസ് കാലത്ത് സമരം ആരംഭിച്ചത്.