Skip to main content
തിരുവനന്തപുരം

 

ഞായറാഴ്ചകളില്‍ പ്രഖ്യാപിച്ച ഡ്രൈ ഡേ ഒഴിവാക്കാനും ഈ സാമ്പത്തിക വര്‍ഷം ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന 418 ഹോട്ടലുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഈ മാറ്റങ്ങള്‍ തീരുമാനിച്ചത്. മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ വരുത്താന്‍ നേരത്തെ യു.ഡി.എഫ് യോഗം മന്ത്രിസഭയെ ചുമതലപ്പെടുത്തിയിരുന്നു.

 

ഘട്ടം ഘട്ടമായി സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പില്‍ വരുത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മദ്യനയത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ നിലനിര്‍ത്താനാണ് ഈ മാറ്റങ്ങള്‍ കൊണ്ടുവന്നതെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ടൂറിസം, തൊഴില്‍ വകുപ്പ് സെക്രട്ടറിമാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നയം ടൂറിസം വ്യവസായത്തേയും അടച്ചുപൂട്ടിയ ബാറുകളിലെ തൊഴിലാളികളേയും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാതായും മുഖ്യമന്ത്രി അറിയിച്ചു.

 

418 ബാറുകള്‍ അടച്ചുപൂട്ടിയതിലൂടെ പ്രത്യക്ഷമായും പരോക്ഷമായും 30,000 പേരുടെ തൊഴില്‍ നഷ്ടപ്പെട്ടതായ കണക്കുകളെ തുടര്‍ന്നാണ് ഈ ഹോട്ടലുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് പുതുതായി ലൈസന്‍സ് നല്‍കില്ലെന്ന നേരത്തെയുള്ള തീരുമാനത്തില്‍ മാറ്റമില്ല.

 

സംസ്ഥാന ഉടമസ്ഥതയിലുള്ള 383 ചില്ലറ മദ്യവില്‍പ്പനശാലകള്‍ ഒരു വര്‍ഷവും പത്ത് ശതമാനം വീതം അടച്ചുപൂട്ടുന്നത് തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആദ്യഘട്ടത്തില്‍ 39 എണ്ണം ഇതിനകം പൂട്ടിക്കഴിഞ്ഞു. 2024 ഒക്ടോബര്‍ രണ്ടിന് കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മന്ത്രിസഭാ യോഗത്തില്‍ മുസ്ലിം ലീഗ് മന്ത്രിമാര്‍ തീരുമാനത്തോട് വിയോജിപ്പ്‌ രേഖപെടുത്തിയെന്ന്‍ മുഖ്യമന്ത്രി പറഞ്ഞു. സമ്പൂര്‍ണ്ണ മദ്യനിരോധനം ഉടന്‍ നടപ്പിലാക്കണമെന്ന നിലപാടാണ് ലീഗ് മന്ത്രിമാര്‍ സ്വീകരിച്ചത്. ബാറുകളിലൂടെ വൈനും ബിയറും നല്‍കുന്നത് മദ്യപാനത്തിനുള്ള പരിശീലനമായി മാറുമെന്നും മുസ്ലിം ലീഗ് പ്രതികരിച്ചു. മദ്യനയത്തില്‍ ഇളവ് നല്‍കുന്ന നിലപാടിനെതിരെ ശക്തമായി മുന്നോട്ടുപോകുമെന്ന് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Tags