Skip to main content
തിരുവനന്തപുരം

oommen chandy at booth reorgnisation

 

തിരുവനന്തപുരം എം.ജി കോളേജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് വി. ശിവന്‍കുട്ടി എം.എല്‍.എ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയ്ക്ക് കത്ത് നല്‍കി. ഇതിന്റെ സാധ്യത പരിശോധിക്കാന്‍ ആവശ്യപ്പെട്ട് കത്ത് മന്ത്രി ആഭ്യന്തര വകുപ്പ് സെക്രട്ടറിയ്ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍.

 

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട നിരപരാധിയായ ഒരാളെ രക്ഷിക്കാനാണ് മാനുഷിക പരിഗണന നല്‍കി കേസ് പിന്‍വലിച്ചതെന്ന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് തുടരന്വേഷണം സംബന്ധിച്ച നീക്കമുണ്ടായിരിക്കുന്നത്. എ.ബി.വി.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് യുഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിക്കുകയും ചെയ്തു.

 

2005-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എം.ജി കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ പോലീസ് സംഘം ആക്രമിക്കപ്പെടുകയും സി.ഐ മോഹനന്‍ നായര്‍ക്ക് ബോംബേറില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന്‍ പോലീസ് പ്രതിചേര്‍ത്ത 31 പേരില്‍ ടി.ആര്‍ ആദര്‍ശ് എന്നയാളുടെ അപേക്ഷയിലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിച്ചത്. താന്‍ നിരപരാധിയാണെന്നും കേസ് മൂലം സര്‍ക്കാര്‍ ജോലിയില്‍ ചേരാന്‍ കഴിയാത്ത സാഹചര്യമാണെന്നുമാണ് പരാതിയില്‍ പറഞ്ഞത്.   

 

എന്നാല്‍ ഒരാളുടെ മറവില്‍ മറ്റു പ്രതികള്‍ കൂടി രക്ഷപ്പെടുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിഷയം ഉയര്‍ത്തിയിരിക്കുന്നത്. കേസ് പിന്‍വലിക്കുന്നതിന് സുപ്രീം കോടതി സമാനമായ കേസുകളില്‍ മുന്‍പ് പുറ​പ്പെടുവിച്ച ഉത്തരവുകള്‍ പാലിച്ചിട്ടില്ലെന്നും ശിവന്‍കുട്ടി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Tags