Skip to main content
തിരുവനന്തപുരം

harsha vardhanമദ്യലഭ്യത വന്‍തോതില്‍ കുറയ്ക്കാനുള്ള നടപടികള്‍ക്ക് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്റെ പ്രശംസ. നടപടിയെ അഭിനന്ദിക്കാന്‍ വാക്കുകള്‍ തികയില്ലെന്നും ശക്തമായ തീരുമാനത്തിന് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ആദ്യം ട്വീറ്റ് ചെയ്തത് താനാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് റീജിയണല്‍ കാന്‍സര്‍ സെന്ററിനെ സംസ്ഥാന അര്‍ബുദ ഇന്‍സ്റ്റിറ്റ്യൂട്ട് ആയി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മദ്യപാനവും പുകയില ഉല്‍പ്പനങ്ങളും വ്യക്തിയ്ക്കും കുടുംബത്തിനും ഉണ്ടാക്കുന്ന നഷ്ടം നികത്താനാകാത്തതാണെന്ന്‍ മന്ത്രി ചൂണ്ടിക്കാട്ടി. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ മദ്യനയം ഇവിടെ വിവാദം സൃഷ്ടിച്ചിട്ടുണ്ടാകാം. എന്നാല്‍, മദ്യത്തില്‍ നിന്നും പുകയില ഉല്‍പ്പന്നങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കേണ്ടത് സര്‍ക്കാറിന്റേയും ആരോഗ്യ പ്രവര്‍ത്തകരുടേയും സുപ്രധാന കടമയാണെന്ന് മന്ത്രി പറഞ്ഞു.  

 

ഇന്ത്യയിലെ 28 കാന്‍സര്‍ സെന്ററുകളില്‍ മികവിന്റെ കേന്ദ്രമായ 20 കാന്‍സര്‍ സെന്ററുകള്‍ക്ക് സംസ്ഥാനത്തെ അപെക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടായ സംസ്ഥാന അര്‍ബുദ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് പ്രകാരമാണ് ആര്‍.സി.സിയ്ക്ക് ഈ പദവി ലഭിക്കുന്നത്. ആര്‍.സി.സിയ്ക്ക് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ലഭിച്ചതിനുളള സര്‍ട്ടിഫിക്കറ്റ് ഹര്‍ഷ വര്‍ദ്ധന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി. ഇന്ത്യയില്‍ എന്‍.എ.ബി.എച്ച്. ലഭിക്കുന്ന ആദ്യത്തെ പൊതുമേഖലാ കാന്‍സര്‍ സെന്ററാണ് ആര്‍.സി.സി. ചടങ്ങില്‍ ആര്‍.സി.സിയെ ദേശീയ അര്‍ബുദ ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്താനുളള കര്‍മ്മപദ്ധതി കേന്ദ്രമന്ത്രി സര്‍ക്കാര്‍ സമര്‍പ്പിച്ചു.

Tags