Skip to main content
കോഴിക്കോട്

ജനകീയ ചലച്ചിത്ര പ്രവര്‍ത്തനങ്ങളിലൂടെ അറിയപ്പെട്ട ഒഡേസ സത്യന്‍ (52) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അര്‍ബുദ ചികിത്സയില്‍ കഴിഞ്ഞിരുന്ന സത്യന്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

 

നക്സലൈറ്റ് രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി പൊതുപ്രവര്‍ത്തനം ആരംഭിച്ച സത്യന്‍ എഴുപതുകളുടെ അവസാനം ജനകീയ ചലച്ചിത്ര രംഗത്തേക്ക് തിരിയുകയായിരുന്നു. ചലച്ചിത്ര സംവിധായകനായിരുന്ന ജോണ് അബ്രഹാമിന്റെ അമ്മ അറിയാന്‍ ഒഡേസ ചലച്ചിത്ര കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ചത് ജനങ്ങളില്‍ നിന്ന്‍ പണം പിരിച്ച് കൊണ്ടായിരുന്നു. ഈ ചലച്ചിത്രത്തിന്റെ നിര്‍മ്മാണവും പിന്നീട് പൊതുവേദികളിലെ പ്രദര്‍ശനവും മലയാള ചലച്ചിത്ര രംഗത്ത് അനന്യമായ ഒരു കാല്‍വെയ്പ് ആയിരുന്നു.  

 

സത്യന്‍ തനതായ സംഭാവനകള്‍ നല്‍കിയത് മലയാള ഡോക്യുമെന്ററി ചലച്ചിത്ര രംഗത്താണ്. അന്തരിച്ച കവി എ. അയ്യപ്പന്റെ ജീവിതത്തെ അധികരിച്ച് സത്യന്‍ നിര്‍മ്മിച്ച ഡോക്യുമെന്ററി ഇത്രയും യാതഭാഗം ഏറെ നിരൂപകശ്രദ്ധ നേടിയിരുന്നു. നക്സല്‍ നേതാവായിരുന്ന എ. വര്‍ഗീസിന്റെ കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ കോണ്‍സ്റ്റബിള്‍ ആയിരുന്ന പി. രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ സത്യന്‍ നിര്‍മ്മിച്ച വേട്ടയാടപ്പെട്ട മനസ് എന്ന ഡോക്യുമെന്ററിയും ശ്രദ്ധ നേടി. മോർച്ചറി ഓഫ് ലൗ,  നക്സല്‍ പ്രവര്‍ത്തകന്‍ അങ്ങാടിപ്പുറം ബാലകൃഷ്ണനെ കുറിച്ചുള്ള അഗ്നിരേഖ എന്നീ ഡോക്യുമെന്ററികളും സത്യന്‍ ഒരുക്കിയതാണ്‌. സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.   

 

വടകര മെഡിറ്റ് എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപിക ജെന്നിയാണ് ഭാര്യ. മക്കൾ: സോയ, സാന്ദ്ര. മരുമകൻ: അജിത്ത്. മൃതദേഹം വടകരയിൽ ചൊവ്വാഴ്ച പകല്‍ പൊതുദർശനത്തിനു വെക്കും. സംസ്കാരം വൈകിട്ട് അഞ്ചിന് വടകര നാരായണ നഗറിലെ വീട്ടുവളപ്പിൽ.