Skip to main content
തിരുവനന്തപുരം

 

പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്വാറി ഖനനത്തിനും പാറമടകള്‍ക്കും അനുമതി നല്‍കിയതിനെക്കുറിച്ചും വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചീഫ് സെക്രട്ടറിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഉത്തരവ് നല്‍കി. കോണ്‍ഗ്രസ് നിയമസഭാകക്ഷി ചീഫ് വിപ്പ് ടി.എന്‍. പ്രതാപന്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പരിസ്ഥിതിമന്ത്രി എന്നിവര്‍ക്ക് നല്‍കിയ പരാതി കത്തിനെ തുടര്‍ന്നാണ്‌ നടപടി.

 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നല്‍കിയ ക്വാറി അനുമതികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നത് ഉള്‍പ്പെടെ ആവശ്യങ്ങളാണ് പ്രതാപന്‍ ഉന്നയിച്ചത്. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പുകളിലെ നിയമനങ്ങളിലും ആറന്മുള വിമാനത്താവളം അടക്കമുള്ള പദ്ധതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളിലും ആഘാത നിര്‍ണയ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളിലും അട്ടിമറി നടക്കുന്നതായി പ്രതാപന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

കൂടാതെ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ പി. ശ്രീകണ്ഠന്‍ നായര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി  പി.കെ മൊഹന്തി എന്നിവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആഭ്യന്തര-റവന്യൂ-നിയമ-പൊതുഭരണ വകുപ്പ് സെക്രട്ടറിമാരെക്കൊണ്ട് അന്വേഷിപ്പിക്കുക, സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നല്‍കിയ എല്ലാ പാരിസ്ഥിതിക അനുമതികളും പരിശോധിക്കാന്‍ എ.ഡി.ജി.പി ഹേമചന്ദ്രന്‍, പി.സി.സി.എഫ് വി. ഗോപിനാഥ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജന്‍ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിക്കുക എന്നിവയാണ് കത്തിലെ മറ്റ് ആവശ്യങ്ങള്‍.

Tags