Skip to main content
തിരുവനന്തപുരം

vs achuthanandanടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സംസ്ഥാന നേതൃത്വത്തിന് തെറ്റുപറ്റിയെന്ന്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയ്ക്ക് കത്തയച്ചു. ടി.പി വധം പാര്‍ട്ടി അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് വി.എസ്  സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങുന്നതിന് തൊട്ട് മുമ്പ് എ.കെ.ജി ഭവനിലെത്തിയായിരുന്നു വി.എസ് കാരാട്ടിനോട് ആവശ്യമുന്നയിച്ചത്.

 

കൊലപാതകത്തിന് പിന്നില്‍ പാര്‍ട്ടിയല്ലെന്ന് പാര്‍ട്ടിക്കാര്‍ പോലും വിശ്വസിക്കില്ലെന്ന് വി.എസിന്‍റെ കത്തില്‍ പറയുന്നതായാണ് ഏഷ്യാനെറ്റ് ന്യൂസ് ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. കേസില്‍ പെട്ട നേതാക്കളെ തള്ളിപ്പറയാതിരുന്നതും പ്രതികളെ പി.ബി അംഗം ജയിലില്‍ പോയി കണ്ടതും തെറ്റായെന്നും വി.എസ് അഭിപ്രായപ്പെടുന്നു. പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റെന്ന ആരോപണത്തെ തുടര്‍ന്ന്‍ പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ വിയ്യൂര്‍ ജയിലില്‍ ഇവരെ സന്ദര്‍ശിച്ചിരുന്നു. സ്വര്‍ണ്ണക്കടത്തുകാരനായ ഫായിസ് ജയിലില്‍ വന്ന് പ്രതികളെ കണ്ടതും പാര്‍ട്ടിയ്ക്ക് ദോഷകരമായെന്ന് വി.എസ് പറയുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

 

കാര്യങ്ങള്‍ തുറന്നുപറയുന്നത് വിഭാഗീയതയായി കാണരുതെന്ന്‍ അഭ്യര്‍ത്ഥിക്കുന്നതാണ് കത്തെന്ന് റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാന നേതൃത്വത്തെ കേന്ദ്ര കമ്മിറ്റി തിരുത്തണമെന്നും വി.എസ് അഭ്യര്‍ത്ഥിക്കുന്നു. ടി.പി വധക്കേസില്‍ മൂന്ന്‍ സി.പി.ഐ.എം പ്രാദേശിക നേതാക്കളെ ഗൂഡാലോചന കുറ്റത്തിന് വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍, കൊലപാതകത്തില്‍ പാര്‍ട്ടിയ്ക്ക്പങ്കില്ലെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ മുന്‍ നിലപാട്.