Skip to main content
കൊച്ചി

snc lavalinലാവ്‌ലിന്‍ ഇടപാടില്‍ നഷ്ടമില്ലെന്ന ഊര്‍ജ വകുപ്പിന്റെ സത്യവാങ്മൂലം തള്ളി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇടപാടില്‍ 266.25 കോടി രൂപയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയനേയും മറ്റും പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയ തിരുവനന്തപുരം പ്രത്യേക കോടതിയുടെ വിധിയ്ക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജിയില്‍ കക്ഷി ചേരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

ഫെബ്രുവരി നാലിന് ഹര്‍ജി പരിഗണിക്കവേ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിനെ കക്ഷി ചേര്‍ക്കാത്തതെന്തെന്ന്‍ ജസ്റ്റിസ് കെ. രാമകൃഷ്ണന്റെ ബഞ്ച് സി.ബി.ഐയോട് ആരാഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാറിന് ആവശ്യമെങ്കില്‍ നേരിട്ടു കക്ഷി ചേരാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാറിന്റെ വെളിപ്പെടുത്തല്‍.  

 

തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ടിയിരുന്ന 98 കോടി രൂപ വ്യക്തമായ കരാര്‍ ഇല്ലാത്തതിനാല്‍ നഷ്ടമായെന്നും സര്‍ക്കാര്‍ പറയുന്നു.

കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനെ കരിമ്പട്ടികയില്‍ പെടുത്തുന്നത് സംബന്ധിച്ച ഹര്‍ജിയിലാണ് ഇടപാടില്‍ നഷ്ടമുണ്ടായിട്ടില്ലെന്ന വാദവുമായി ഊര്‍ജ വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. സി.എ.ജി റിപ്പോര്‍ട്ട് അതിശയോക്തി കലര്‍ന്നതാണെന്നും കമ്പനിയില്‍ നിന്ന് ധനസഹായം ലഭിച്ചില്ല എന്നതു ശരിയല്ലെന്നും ഊര്‍ജ വകുപ്പ് പറഞ്ഞിരുന്നു.

മൂന്ന് ജലവൈദ്യുത പദ്ധതിയുടെ നവീകരണ കരാര്‍ ലാവ്‌ലിന്‍ കമ്പനിയെ ഏല്‍പ്പിച്ചതിലൂടെ സംസ്ഥാന സര്‍ക്കാറിന് 374 കോടി രൂപ നഷ്ടമുണ്ടായി എന്ന സി.എ.ജിയുടെ ഇടക്കാല റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് വിവാദമായ ലാവ്‌ലിന്‍ കേസിന്റെ തുടക്കം. കരാര്‍ ലാവ്‌ലിന് നല്‍കാന്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനും മറ്റ് പ്രതികളും ഗൂഢാലോചന നടത്തി സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് സി.ബി.ഐയുടെ കേസ്.