Skip to main content
കൊച്ചി

jagathy sreekumarവിതുര പെണ്‍വാണിഭ കേസില്‍ ചലച്ചിത്ര നടന്‍ ജഗതി ശ്രീകുമാറിനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ജഗതിയെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി. വിചാരണക്കോടതിയുടെ വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. ജഗതി കുറ്റക്കാരനെന്ന്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിചിട്ടില്ലെന്നും ജസ്റ്റിസ് പി. ഭവദാസന്റെ നേതൃത്വത്തിലുള്ള ബഞ്ച് ചൂണ്ടിക്കാട്ടി.

 

വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട പതിനഞ്ച് കേസുകളിലെ പ്രതികളെ കോട്ടയത്തെ പ്രത്യേക വിചാരണ കോടതി ഈയിടെ വെറുതെ വിട്ടിരുന്നു. സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടി മൊഴി നല്‍കിയതോടെ പെണ്‍കുട്ടി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു.  

 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി 1995 നവംബര്‍ - 1996 മേയ് കാലയളവില്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാല്‍സംഗം ചെയ്തതുമായി ബന്ധപ്പെട്ടു മൊത്തം 23 കേസുകള്‍ ആണ് രജിസ്ടര്‍ ചെയ്തിരുന്നത്. ഇതില്‍ ഏഴു കേസുകള്‍ എറണാകുളത്തെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന്‍ വിചാരണക്കോടതിയിലേക്ക് കൈമാറിയിട്ടില്ല. കേസില്‍ ആറു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.