Skip to main content
തിരുവനന്തപുരം

 

ഗാന്ധിപാർക്കിൽ തിങ്ങിക്കൂടിയ ജനക്കൂട്ടത്തിനിടയിലൂടെ ചീറിപ്പാഞ്ഞുവരുന്ന വെടിയുണ്ട കടിച്ചുപിടിക്കാൻ ഗാന്ധിപ്രതിമയ്ക്കുകീഴിൽ തയ്യാറായി നിൽക്കുന്ന പ്രശസ്ത മാന്ത്രികൻ പ്രിൻസ് ശീൽ. കാണികൾ ശ്വാസംപിടിച്ചിരുന്നു. മൊട്ടുസൂചി വീണാൽപോലും കേൾക്കാവുന്ന നിശബ്ദത. ആ നിശ്ശബ്ദതയെ ഭഞ്ജിച്ച് വെടിയൊച്ച മുഴങ്ങി. നൂറു മീറ്ററോളം അകലെ ജനക്കൂട്ടത്തിനിടയിൽ നിന്ന് പ്രിൻസ് ശീലിന്റെ മരുമകൻ സുസ്മിത് ബസു വെടിയുതിർത്തു. വേദിയിൽ നിന്ന പ്രിൻസ് ശീൽ വെടിയേറ്റു വീണു. ആശങ്കയുടെ നിമിഷങ്ങൾ. തറയിൽ നിന്ന് പല്ലുകൾക്കിടയിൽ കടിച്ചുപിടിച്ച വെടിയുണ്ടയുമായി പ്രിൻസ് ശീൽ എഴുന്നേൽക്കുമ്പോൾ നിലയ്ക്കാത്ത കയ്യടി.

 

കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ മാജിക് അക്കാദമി തുടങ്ങുന്ന മാജിക് പ്ലാനറ്റിന്റെ പ്രഖ്യാപന ചടങ്ങായിരുന്നു വേദി. പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, കെ.സി ജോസഫ്, വ്യവസായ വകുപ്പു സെക്രട്ടറി പി.എച്ച്.കുര്യൻ എന്നിവർ ചേർന്നാണ് തോക്കും തിരയും പരിശോധിച്ചത്. മന്ത്രി കെ.സി.ജോസഫ് തിരയിൽ അടയാളമിട്ടു. എല്ലാവർക്കും മുന്നിൽ വച്ച് പ്രിൻസ് ശീൽ തന്നെ തോക്കിൽ തിര നിറച്ച് മരുമകന് കൈമാറുകയായിരുന്നു. ജനക്കൂട്ടത്തിനിടയിൽ സ്ഥാപിച്ച ചില്ലുപാളി പൊട്ടിച്ചാണ് വെടിയുണ്ട പ്രിൻസ് ശീലിന്റെ പല്ലുകൾക്കിടയിലേക്ക് പാഞ്ഞുവന്നത്.

 

പ്രിൻസ് ശീൽ കടിച്ചു പിടിച്ചെടുത്തുകൊടുത്ത വെടിയുണ്ട താൻ അടയാളപ്പെടുത്തി നൽകിയ അതേ വെടിയുണ്ട തന്നെയാണെന്ന് മന്ത്രി കെ.സി ജോസഫ് സാക്ഷ്യപ്പെടുത്തി. തോക്കിനുള്ളിൽ നിന്ന് ആളുകൾക്കു മുന്നിൽവച്ചു തന്നെ ഒഴിഞ്ഞ കാട്രിഡ്ജും പുറത്തെടുത്തു. പരിപാടിക്കു മുമ്പായി തോക്കിന്റെ ലൈസൻസും  പരിപാടിക്കിടയിൽ അപകടം സംഭവിച്ചാൽ അതിനുത്തരവാദി താൻ മാത്രമായിരിക്കുമെന്ന് എഴുതി ഒപ്പിട്ട സാക്ഷ്യപത്രവും പ്രിൻസ് ശീൽ മന്ത്രിമാരെ കാണിച്ചിരുന്നു.

 

Inauguration of Magic Palnet മാന്ത്രികപ്രദർശനത്തിനു മുമ്പു നടന്ന ലളിതമായ ചടങ്ങിൽ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മാജിക് പ്ലാനറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഗോപിനാഥ് മുതുകാട് വെറുമൊരു മാന്ത്രികനല്ലെന്നും സാമൂഹ്യപ്രതിബദ്ധതയുള്ള അദ്ദേഹത്തിന്റെ പുതിയ സംരംഭവും അത്തരത്തിലുള്ളതായിരിക്കുമെന്ന് ഉറപ്പുണ്ടെന്നും മാജിക് പ്ലാനറ്റിനെപ്പറ്റിയുള്ള ആനിമേറ്റഡ് സിഡി പ്രകാശനം ചെയ്ത മന്ത്രി കെ.സി ജോസഫ് പറഞ്ഞു. മാജിക് പ്ലാനറ്റിന്റെ ലോഗോ ആയ 'ഹാരി' മന്ത്രി വി.എസ് ശിവകുമാർ അനാച്ഛാദനം ചെയ്തു.

 

മാജിക്കിന്റെ ശാസ്ത്രീയതയെപ്പറ്റി സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് മാജിക് പ്ലാനറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പറഞ്ഞു. ശാസ്ത്രവും സാഹിത്യവും സാങ്കേതികവിദ്യയും കലയുമെല്ലാം മാന്ത്രികവിദ്യകളിലൂടെ പഠിക്കാനും രസിക്കാനും കുട്ടികൾക്ക് അവസരമൊരുക്കുന്ന ലോകത്തെ ആദ്യത്തെ മാന്ത്രികക്കൊട്ടാരം മാജിക് പ്ലാനറ്റ് ഹാരി ഹൂഡിനിയുടെ സ്മരണയ്ക്കായി ലോകമെമ്പാടും മാന്ത്രിക ദിനമായി ആചരിക്കുന്ന ഒക്ടോബർ 31-നാണ് കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ തുറക്കുകയെന്നും മുതുകാട് അറിയിച്ചു.

 

മാജിക്കിൽ ഔപചാരിക വിദ്യാഭ്യാസം നൽകുന്ന ഏഷ്യയിലെ ആദ്യ സ്ഥാപനമായ അക്കാദമി ഓഫ് മാജിക്കൽ സയൻസസിന്റെ ആശയമാണ് മാജിക് പ്ലാനറ്റ്. ശാസ്ത്രം, ഗണിതം, സാഹിത്യം തുടങ്ങിയവയിലെയെല്ലാം മാന്ത്രികഘടകങ്ങൾ കുട്ടികൾക്ക് അനുഭവിച്ചറിയാനുള്ള ഒട്ടേറെ വിനോദോപാധികളാണ് ഇവിടെ ഒരുക്കുന്നത്. 1.5 ഏക്കറിലായി പരന്നുകിടക്കുന്ന മാന്ത്രിക സമുച്ചയത്തിൽ മ്യൂസിയം, ഭൗമാന്തർഭാഗത്തുള്ള തുരങ്കം, കണ്ണാടിക്കുരുക്ക്, ഗണിതാഭിരുചി വളർത്താനുതകുന്ന വെർച്വൽ സൂപ്പർമാർക്കറ്റ്, കുട്ടികളുടെ പാർക്ക്, ഫുഡ് കോർട്ട്, തൽസമയ പരിപാടികൾ അവസരിപ്പിക്കാനുള്ള ഗവേഷണ വികസന വിഭാഗം തുടങ്ങിയവയെല്ലാം ഇതോടനുബന്ധിച്ച് ഇവിടെ തയ്യാറാകുന്നുണ്ട്. ഇതിന് പുറമേ, ഇന്ത്യൻ തെരുവു മാന്ത്രികർക്കായി പ്രത്യേക വിഭാഗവും ഇവിടെയുണ്ടാകും. അതോടൊപ്പം ഒരു കഥപറച്ചിലുകാരനിൽ നിന്ന് നേരിട്ട് നാടോടിക്കഥകളും മറ്റും കുട്ടികൾക്ക് കേൾക്കാനുതകും വിധം വൃക്ഷത്തണലിൽ പ്രത്യേക ഇടവും ക്രമീകരിക്കുന്നുണ്ട്. മാന്ത്രികത കേന്ദ്രപ്രമേയമായ വില്യം ഷേക്‌സ്പിയറിന്റെ 'ദി ടെംപസ്റ്റ്' എന്ന നാടകത്തിന്റെ മാന്ത്രിക പുനരവതരണവും മാജിക് പ്ലാനറ്റിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്.

 

15 കോടിയോളം രൂപയാണ് പദ്ധതിയുടെ ചെലവ്. രാവിലെ 11 മുതൽ രാത്രി ആറു മണിവരെ നീളുന്ന ഒരു സമ്പൂർണ അനുഭവമായിരിക്കും മാജിക് പ്ലാനറ്റ്. ഒരു ദിവസം 500 പേർക്കു മാത്രമായിരിക്കും ഇവിടെ പ്രവേശനം അനുവദിക്കുക.