Skip to main content
തിരുവനന്തപുരം

hantavirusകേരളത്തില്‍ ഹാന്റ വൈറസ് രോഗബാധയില്ലെന്ന് പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി) സ്ഥിരീകരിച്ചതായി സര്‍ക്കാര്‍. ഇത് സംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ട് എന്‍.ഐ.വി ആരോഗ്യവകുപ്പ് സെക്രട്ടറിക്കു നല്‍കി. ഹാന്റ വൈറസ് രോഗബാധയേറ്റ് മരിച്ചതായി കരുതിയ വ്യക്തിയെ ബാധിച്ചത് സ്‌ക്രബ് ടൈഫസ് ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഇനി യാതൊരു ആശങ്കയുടേയും ആവശ്യമില്ലെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി അവകാശപ്പെട്ടു.

 

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ചില രോഗികളുടെ രക്തസാമ്പിളുകള്‍ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയില്‍ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഹാന്റ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗബാധ സ്ഥിരീകരിക്കുവാന്‍ പി.സി.ആര്‍, കള്‍ച്ചര്‍ എന്നീ തുടര്‍ പരിശോധനകള്‍ ആവശ്യമായിരുന്നതിനാലും ഇന്ത്യയിലിതുവരെ ഹാന്റ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ പുതിയ രോഗബാധ സംബന്ധിച്ച പ്രഖ്യാപനം നടത്തുവാന്‍ അധികാരപ്പെടുത്തിയ സ്ഥാപനം എന്‍.ഐ.വി ആയതിനാലും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എന്‍.ഐ.വിയെ സമീപിക്കുകയായിരുന്നു.

 

തുടര്‍ന്ന് എന്‍.ഐ.വി പ്രതിനിധി ഡോ.ഭാസ്‌കര്‍ ടന്റാലെ തിരുവനന്തപുരം സന്ദര്‍ശിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി പ്രതിനിധികള്‍ മുതലായവരുമായി ചര്‍ച്ച നടത്തുകയും വൈറസ് ബാധിതരെന്ന് സംശയിച്ചിരുന്നവര്‍ താമസിച്ചിരുന്ന പ്രദേശങ്ങള്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. രോഗബാധിതരെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നവരുടെയും രോഗബാധയാല്‍ മരണപ്പെട്ടതായി സംശയിച്ചിരുന്നയാളിന്റെയും പ്രദേശവാസികളായ ആറുപേരുടെയും രക്തസാമ്പിളുകള്‍ ഡോ. ടന്റാലെ എന്‍.ഐ.വിയില്‍ കൊണ്ടുപോയി തുടര്‍ പരിശോധനകള്‍ക്ക് വിധേയമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏഴുപേര്‍ക്കും ഹാന്റ വൈറസ് രോഗബാധയായിരുന്നില്ലെന്ന് സ്ഥിരീകരിച്ചത്.