Skip to main content
തിരുവനന്തപുരം

oommen chandyകുട്ടികളിലെ വൈകല്യങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാനത്ത് ഒരു കുട്ടിപോലും ബധിരരോ മൂകരോ ആയി ജനിക്കുവാന്‍ പാടില്ല. ഇത് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സാമൂഹ്യ നീതി വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശിശു വികസന കൗണ്‍സിലിന്റെ ഗവേണിങ് ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കേള്‍വി വൈകല്യം ബാധിച്ച കുട്ടികളില്‍ ശ്രവണസഹായികള്‍ മാത്രം ആവശ്യമായുള്ളവര്‍ക്ക് അത് സൗജന്യമായി നല്‍കാനാവുമോ എന്ന് പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ ഉടനടി സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  പ്രസവം നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ വൈകല്യങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള മുന്‍കൂര്‍ പരിശോധനയ്ക്ക് സൗകര്യം ഉണ്ടാക്കണം. സ്വകാര്യ ആശുപത്രികളിലും ഇത്തരം സൗകര്യം ഉണ്ടാകണമെന്ന് നിര്‍ബന്ധമായുള്ള നിര്‍ദ്ദേശം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

രോഗം കണ്ടുപിടിച്ചുകഴിഞ്ഞാല്‍ സര്‍ജറി വേണ്ടവര്‍ക്ക് അതും ശ്രവണസഹായി വേണ്ടവര്‍ക്ക് ഉപകരണങ്ങളും എ.പി.എല്‍-ബി.പി.എല്‍. വ്യത്യാസമില്ലാതെ സജ്ജമാക്കണം. അള്‍ട്രാ സൗണ്ട് പരിശോധന നിലവില്‍ ബി.പി.എല്ലുകാര്‍ക്ക് മാത്രമാണ് സൗജന്യമായി ലഭ്യമാകുന്നത്. ഇത് എ.പി.എല്‍. വിഭാഗത്തിന് കൂടി ലഭ്യമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിനോടൊപ്പം സ്പീച്ച് തെറാപ്പി കൂടി നടത്താനുള്ള സൗകര്യവും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ചുള്ള മേജര്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

 

ശ്രീ ചിത്ര, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പോരായ്മകളുമായി ജനിക്കുന്ന കുട്ടികളുടെ വിവരശേഖരണം നടത്തണം. അവരുടെ ചികിത്സാ ചിലവ് ഏറ്റെടുക്കാനാകുമോ എന്ന കാര്യവും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.