Skip to main content
റാഞ്ചി

pu chithra

 

ദേശീയ സ്‌കൂള്‍ കായിക മേളയില്‍ കേരളത്തിന്റെ പി.യു ചിത്രയ്ക്ക് നാലാം സ്വര്‍ണ്ണ മെഡല്‍. പങ്കെടുക്കുന്ന അവസാന സ്കൂള്‍ മീറ്റില്‍ പങ്കെടുത്ത എല്ലാ ഇനത്തിലും സ്വര്‍ണ്ണവുമായാണ് പാലക്കാടന്‍ കാറ്റിന്റെ വേഗം തന്റെ കാലുകളിലാവാഹിച്ച ഈ പെണ്‍കുട്ടി മടങ്ങുന്നത്.

 

ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നടക്കുന്ന മീറ്റിന്റെ അവസാന ദിനമായ ഇന്നു നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ ക്രോസ്‌ കണ്‍ട്രി വിഭാഗത്തിലാണ് ചിത്ര സ്വർണം നേടിയത്. 1500, 3000, 5000 മീറ്ററുകളിലും ചിത്ര ഒന്നാമതെത്തിയിരുന്നു.

 

സമീപകാലത്ത് തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന കായികതാരമാണ് പാലക്കാട്‌ മുണ്ടൂര്‍ സ്‌കൂള്‍ വിദ്യാർത്ഥിനിയായ ചിത്ര. മൂന്ന്‍ ദീര്‍ഘദൂര ഓട്ട മത്സരങ്ങളിലെ (1500, 3000, 5000 മീറ്റര്‍) സംസ്ഥാന മീറ്റ് റെക്കോഡുകളും ചിത്രയുടെ പേരിലാണ്. കഴിഞ്ഞ മൂന്ന്‍ വര്‍ഷങ്ങളിലായി ദേശീയ മീറ്റുകളിലും തുടര്‍ച്ചയായി പ്രകടനം മെച്ചപ്പെടുത്തിയ ചിത്ര കഴിഞ്ഞ വര്‍ഷം ഇറ്റാവയില്‍ നാല് സ്വര്‍ണ്ണവും വ്യക്തിഗത ചാമ്പ്യനുള്ള നാനോ കാറും നേടി. ഏഷ്യന്‍ സ്‌കൂള്‍ മീറ്റിലൂടെയും സാഫ് ജൂനിയര്‍ മീറ്റിലൂടെയും അന്താരാഷ്ട്ര രംഗത്തും സുവര്‍ണ്ണ നേട്ടങ്ങള്‍ ചിത്ര കരസ്ഥമാക്കി.

 

മുണ്ടൂരില്‍ പാലക്കീഴ് ഉണ്ണികൃഷ്ണന്റെയും വസന്തയുടെയും മകളാണ് ചിത്ര. സന്ധ്യ, സൗമ്യ, കൃഷ്ണകുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Tags