Skip to main content
തിരുവനന്തപുരം

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സോളാര്‍ കേസില്‍ ആരോപണ വിധേയരായ മന്ത്രിമാരെ പുറത്താക്കാതെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ഉമ്മന്‍ചാണ്ടി രാജി വെക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. കേസിലെ പ്രതി  സരിതയെ ശാരീകമായും സാമ്പത്തികമായും ചിലര്‍ ഉപയോഗിച്ചെന്ന കാര്യം അറിഞ്ഞിട്ടും മുഖ്യമന്ത്രി അത് മറച്ചുവെച്ചെന്നും പീഡിപ്പിച്ചവരെ സംരക്ഷിക്കുകയും ഇരയെ അവഗണിക്കകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും വി.എസ് ആരോപിച്ചു.

 

ഇക്കാര്യമാണ് ബിജുരാധാകൃഷ്ണനും മുഖ്യമന്ത്രിയും ഒരു മണിക്കൂറോളം അടച്ചിട്ടമുറിയില്‍ ചര്‍ച്ചചെയ്തത്. സഹപ്രവര്‍ത്തകര്‍ ഇത്തരം കാര്യം ചെയ്തത് മറച്ചുവെച്ചതിന് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പുപറഞ്ഞ് സ്ഥാനമൊഴിയാന്‍ തയ്യാറാകണമെന്നും വി.എസ് പറഞ്ഞു. തന്നെ ചിലര്‍ പീഡിപ്പിച്ചുവെന്ന് സരിത നായര്‍ എറണാകുളം എ.ഡി.ജെ.എമ്മിന് പരാതി നല്‍കിയിട്ടും അതു സ്വീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഹൈക്കോടതി രജിസ്ട്രാര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങളെല്ലാം എ.ഡി.ജെ.എമ്മിന് തുറന്നുപറയേണ്ടിവന്നു. സരിത പത്തനംതിട്ട ജയിലില്‍ നിന്ന് അഭിഭാഷകന് എഴുതി നല്‍കിയ പരാതിയിലൂടെ  പല വിവരങ്ങളും പുറത്തുവന്നിരുന്നുവെന്നും വി.എസ് പറഞ്ഞു.