Skip to main content
സുബൈര്‍ കൂറ്റനാട്

കൂറ്റനാട്: ശുദ്ധവായുവിന് വേണ്ടി കോതച്ചിറയിലെ സ്ത്രീകള്‍ നടത്തിവന്ന സമരം ലക്ഷ്യം കണ്ടു. വായുമലിനീകരണം നടത്തിയ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു.

 

നാഗലശ്ശേരി പഞ്ചായത്തിലെ കോതച്ചിറ നിവാസികളാണ് അയല്‍ജില്ലയായ തൃശ്ശൂരിലെ കടങ്ങോട്ടു പ്രവര്‍ത്തിക്കുന്ന മീന്‍ഗുളിക ഫാക്ടറി ഉയര്‍ത്തിയിരുന്ന ദുര്‍ഗന്ധം കൊണ്ട് ഏറെക്കാലമായി പൊറുതിമുട്ടിയിരുന്നത്. പലവട്ടമായി ഉയര്‍ത്തിയ പരാതികള്‍ക്കും സമരങ്ങള്‍ക്കും ഫലം കാണാതെ വന്നപ്പോഴാണ് വീട്ടമ്മമാര്‍ തെരുവിലിറങ്ങിയത്.

 

പ്രശ്നത്തിന് പരിഹാരം കാണും വരെ സമരമെന്ന സ്ത്രീസംഘശക്തിയുടെ നിശ്ചയദാര്‍ഢ്യത്തോടൊപ്പം കോതച്ചിറ ഗ്രാമവും രാഷ്ട്രീയകക്ഷി പ്രതിനിധികളും അണിനിരന്നപ്പോള്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള ഉത്തരവ് നല്‍കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

 

കഴിഞ്ഞ മാസം 25ന് കോതച്ചിറയിലെ 16 കുടുംബശ്രീ യൂണിറ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സമരമാരംഭിച്ചത്. ഫാക്ടറിക്ക് മുന്നില്‍ പ്രതിഷേധ ജാഥയും ധര്‍ണ്ണയും നടത്തിയ ഇവര്‍ കമ്പനി പരിസരത്ത് അഞ്ചു ദിവസം സത്യഗ്രഹമിരിക്കുകയും ചെയ്തു. എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷി നേതാക്കളും സാംസ്കാരിക-പരിസ്ഥിതി പ്രവര്‍ത്തകരും സമരത്തിന്‌ പിന്തുണ നല്‍കി. കോതച്ചിറയിലെ വാദ്യകലാകാരന്മാര്‍ മേളം നടത്തി ഐക്യദാര്‍ഢ്യമറിയിച്ചത് വേറിട്ട പ്രതിഷേധമായി മാറി.

 

ഫാക്ടറിയുടെ അംഗീകാരം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച കാലത്ത് കടങ്ങോട്ട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീധരന്‍ തേറമ്പിലിന്റെ ശയനപ്രദക്ഷിണത്തിനു പിന്നില്‍ ജാഥയായെത്തിയ സമരക്കാര്‍ക്ക് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള ഉത്തരവിന്റെ പകര്‍പ്പ് അധികൃതര്‍ കൈമാറുകയായിരുന്നു. തുടര്‍ന്ന് നടന്ന യോഗത്തില്‍ വായിച്ച ഉത്തരവ് നീണ്ട കരഘോഷത്തോടെയാണ് വീട്ടമ്മമാര്‍ എതിരേറ്റത്. യോഗം ബാബു എം. പാലിശ്ശേരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

 

Related:

മീന്‍ഗുളിക ഫാക്ടറി: സമരം ശക്തമാകുന്നു

ശുദ്ധവായുവിന് വേണ്ടി സ്ത്രീകള്‍ സമരരംഗത്ത്