Skip to main content
സുബൈര്‍ കൂറ്റനാട്


കൂറ്റനാട്: അസഹ്യമായ ദുര്‍ഗന്ധം പരത്തി നാടിനെ മനംപുരട്ടിക്കുന്ന മീന്‍ഗുളിക ഫാക്ടറിക്കെതിരെ വീട്ടമ്മമാര്‍ നടത്തുന്ന സമരം കോതച്ചിറ ഗ്രാമം ഏറ്റെടുക്കുന്നു.

 

അയല്‍ജില്ലയായ തൃശ്ശൂരിലെ കടങ്ങോട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മീന്‍ഗുളിക ഫാക്ടറി ഉയര്‍ത്തുന്ന മലിനീകരണ പ്രശ്നങ്ങളില്‍ പൊറുതിമുട്ടിയാണ് ഇവിടത്തെ വീട്ടമ്മമാര്‍ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ സമരത്തിനിറങ്ങിയത്.

 

നേരത്തെ പ്രതിഷേധ ജാഥയും കമ്പനിപ്പടിക്കല്‍ ധര്‍ണ്ണയും നടത്തിയ ഇവര്‍ മേയ് ഒന്ന് മുതല്‍ സത്യാഗ്രഹ സമരം ആരംഭിച്ചു. രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഫാക്ടറിക്ക് സമീപമുയര്‍ത്തിയ സമരപ്പന്തലില്‍ എത്തി. പാലക്കാട്‌ ജില്ലാ പഞ്ചായത്തംഗം കൃഷ്ണകുമാരി രവി ഉദ്ഘാടനം ചെയ്ത സമരത്തെ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എം. അബ്ദുള്ളക്കുട്ടി, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാമചന്ദ്രന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. വെള്ളിയാഴ്ച കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ സി.വി. ബാലചന്ദ്രന്‍ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കോതച്ചിറ സെന്ററിലെ വ്യാപാരികള്‍ ശനിയാഴ്ച ഉച്ചവരെ കടകളടച്ച് പ്രതിഷേധിച്ചു.

അതിനിടെ, കോതച്ചിറയിലെ വാദ്യകലാകാരന്മാരുടെ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി. സത്യഗ്രഹത്തില്‍ പങ്കെടുക്കാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും ഇവരെത്തിയത് മദ്ദളവും കൊമ്പും ഇലത്താളവുമൊക്കെയായിട്ടാണ്. കലാമണ്ഡലത്തിലെ പഞ്ചവാദ്യ വിഭാഗം മേധാവിയും പ്രശസ്ത മദ്ദളവാദകനുമായ കലാമണ്ഡലം കുട്ടിനാരായണന്‍, മുതിര്‍ന്ന കൊമ്പ് വാദകന്‍ കോതച്ചിറ നാരായണന്‍ നായര്‍, താളപ്രാമാണികന്‍ കോതച്ചിറ വടക്കത്ത് കുട്ടിനാരായണന്‍, ഉണ്ണികൃഷ്ണന്‍, ശരത്, ശ്രീകൃഷ്ണന്‍, അര്‍ജുന്‍ എന്നിവര്‍ നടത്തിയ വാദ്യമേളം സമരമുഖത്തിന് ഉണര്‍വേകിയ പുതുമയുള്ള പ്രതിഷേധ താളമായി.

 

Related:

ശുദ്ധവായുവിന് വേണ്ടി സ്ത്രീകള്‍ സമരരംഗത്ത്