Skip to main content
Update 12/03/2013
രാം സിങ്ങിന്റേത് തൂങ്ങി മരണം തന്നെയെന്ന് പ്രാഥമിക പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്. ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് പോസ്റ്റ്‌ മോര്‍ട്ടം നടത്തിയത്.

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി രാംസിങ്ങി (33) നെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അതീവ സുരക്ഷയിലുള്ള ജയില്‍ നമ്പര്‍ മൂന്നിലെ അഞ്ചാം വാര്‍ഡില്‍ തിങ്കളാഴ്ച രാവിലെ അഞ്ചിനാണ് ധരിച്ചിരുന്ന വസ്ത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി.

 

രാംസിങിന്റെ മരണം കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എ.പി സിങ് ആരോപിച്ചു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അധികാരികള്‍ മോശമായാണ് പെരുമാറുന്നതെന്ന് ആറു ദിവസം മുമ്പ് കണ്ടപ്പോള്‍ രാം സിങ്ങ് പറഞ്ഞിരുന്നതായി അഛന്‍ മംഗെ ലാല്‍ പറഞ്ഞു.

 

സംഭവത്തില്‍ ജയില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഫോറന്‍സിക് വിഭാഗം അടക്കം ഉന്നതതല പൊലീസ് സംഘം തിഹാര്‍ ജയിലില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. ആഭ്യന്തരമന്ത്രാലയം ജയില്‍ അധികൃതരോട് റിപോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിന്റെ വിചാരണയ്ക്കായി രാംസിങ്ങിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാനിരിക്കുകയായിരുന്നു.  യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ ബസ്സിന്റെ ഡ്രൈവര്‍ ആയിരുന്നു രാംസിങ്ങ്. കുറ്റം സമ്മതിച്ച രാം സിങ്ങിനു മേല്‍ 13 കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരുന്നത്. രാംസിങ്ങും പ്രായപൂര്‍ത്തിയാകാത്ത ഒരാളും അടക്കം ആറുപേര്‍ ചേര്‍ന്ന് ഡിസംബര്‍ 16 ന് ഓടുന്ന ബസ്സില്‍ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും ഒപ്പമുണ്ടായിരുന്ന യുവാവിനെ മര്‍ദിക്കുകയുമായിരുന്നു. യുവതി ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് മരിച്ചു.