Skip to main content

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം കൊണ്ടുവരാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് നാഗാലാന്‍ഡില്‍ ഗോത്രവര്‍ഗ്ഗ സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തുടരുന്നു. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിശ്ചലമായിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ഗവര്‍ണര്‍ പി.ബി ആചാര്യയും മുഖ്യമന്ത്രി ടി.ആര്‍ സെലിയാങ്ങും ഗോത്രവര്‍ഗ്ഗ സംഘടനകളും പ്രത്യേക യോഗങ്ങള്‍ വിളിച്ചു.

 

മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തി ഗോത്രവര്‍ഗ്ഗ സംഘടനകളുടെ പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റ് ചെയ്യുകയാണ്. രാജി വെക്കുന്നത് വരെ ബന്ദ്‌ തുടരുമെന്ന് നാഗാലാന്‍ഡ്‌ ഗോത്ര കര്‍മ്മ സമിതി (എന്‍.ടി.എ.സി) അറിയിച്ചു. അതേസമയം സ്വകാര്യ സ്ഥാപനങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്.  

 

അക്രമാസക്തമായി മാറിയ സമരത്തെ തുടര്‍ന്ന്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 31-ന് രണ്ട് യുവാക്കളുടെ മരണത്തിന് കാരണമായ വെടിവെപ്പിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.  

 

തലസ്ഥാനമായ കൊഹിമയില്‍ ഫെബ്രുവരി രണ്ട് രാത്രി മുതല്‍ നിരോധനാജ്ഞ നിലവിലുണ്ട്. ഔദ്യോഗിക ഉത്തരവ് ഒന്നുമില്ലെങ്കിലും മൊബൈല്‍ ഇന്റര്‍നെറ്റ്‌, എസ്.എം.എസ് സേവനങ്ങളും കഴിഞ്ഞ അഞ്ച് ദിവസമായി ഇവിടെ ലഭ്യമല്ല.