Skip to main content

ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള കുടുംബങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന കേന്ദ്രനയത്തിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപക്ഷം, ഐക്യ ജനതാദള്‍, സമാജ്വാദി പാര്‍ട്ടി, ബിജു ജനതാദള്‍ എന്നിവയിലെ അംഗങ്ങളാണ് സഭ ചേര്‍ന്നയുടന്‍ വിഷയം ഉന്നയിച്ചത്.

 

ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രം സബ്സിഡി നല്‍കിയാല്‍ മതിയെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടിയുടെ രാംഗോപാല്‍ യാദവ് പറഞ്ഞു. രാജ്യത്ത് 40 ശതമാനം പേര്‍ക്ക് മാത്രമേ കാര്‍ഡ് ലഭിച്ചിട്ടുള്ളൂ എന്ന് യാദവ് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കേന്ദ്രം സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറക് ഒബ്രിയന്‍ ആരോപിച്ചു.

 

വിഷയത്തില്‍ പ്രതികരിച്ച കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി. എല്ലാവര്‍ക്കും കാര്‍ഡ് ലഭിക്കുന്നത് വരെ ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്നു നായിഡു കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നതെന്നും ബഹളത്തിനിടയില്‍ നായിഡു കുറ്റപ്പെടുത്തി.

 

പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ സഭ നിര്‍ത്തിവെച്ചു.