Skip to main content

 

എല്‍.പി.ജി സിലിണ്ടര്‍ സബ്സിഡി ഉപഭോക്താക്കള്‍ക്ക് നേരിട്ട് കൈമാറുന്ന പദ്ധതിയ്ക്ക് ശനിയാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ 54 ജില്ലകളില്‍ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം തുടക്കം കുറിച്ചു. കേരളത്തിലെ മുഴുവന്‍ ജില്ലകളും ഇതില്‍ ഉള്‍പ്പെടും. 2015 ജനുവരി ഒന്ന്‍ മുതല്‍ പദ്ധതി രാജ്യവ്യാപകമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

 

കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ 2013 ജൂണ്‍ ഒന്നിന് തുടക്കം കുറിച്ച പദ്ധതി പരിഷ്കരിച്ചതാണ് ഇപ്പോഴത്തെ പദ്ധതി. ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിച്ച് എല്‍.പി.ജി സിലിണ്ടറിനുള്ള സബ്സിഡി നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതായിരുന്നു പദ്ധതി. 291 ജില്ലകളില്‍ നടപ്പിലാക്കിയ പദ്ധതി സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടതോടെ പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു.

 

ഈ പ്രശ്നങ്ങള്‍ അടക്കമുള്ളവ അവലോകനം ചെയ്താണ് പദ്ധതി വീണ്ടും തുടങ്ങുന്നത്. ആദ്യം പദ്ധതിയില്‍ ചേരുകയും ബാങ്ക് അക്കൗണ്ടില്‍ പണം ലഭിക്കുകയും ചെയ്തവര്‍ ഇപ്പോള്‍ ഒന്നും ചെയ്യേണ്ടിവരില്ല. ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ പണം ലഭിക്കും. ഇവര്‍ ആധാര്‍ കിട്ടുന്നതോടെ അതനുസരിച്ചുള്ള കൈമാറ്റത്തിലേക്ക് മാറേണ്ടിവരും.

 

പണകൈമാറ്റ പദ്ധതിയില്‍ ചേരാത്തവര്‍ക്ക് മൂന്ന്‍ മാസത്തെ ഗ്രേസ് കാലയളവും മൂന്ന്‍ മാസത്തെ പാര്‍ക്കിംഗ് കാലയളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രേസ് കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് സബ്സിഡി നിരക്കില്‍ സിലിണ്ടര്‍ ലഭിക്കും. അതിന് ശേഷമുള്ള പാര്‍ക്കിംഗ് കാലയളവില്‍ ഇവര്‍ക്ക് വിപണി നിരക്കില്‍ സിലിണ്ടര്‍ വാങ്ങേണ്ടിവരും. എന്നാല്‍, ഈ കാലയളവില്‍ പദ്ധതിയില്‍ ചേര്‍ന്നാല്‍ സബ്സിഡി ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും.

 

പദ്ധതിയില്‍ ഉപഭോക്താക്കള്‍ ചേര്‍ന്ന്‍ സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതോടെ അക്കൗണ്ടില്‍ സബ്സിഡി കാലേകൂട്ടി നിക്ഷേപിക്കും. പദ്ധതിയില്‍ ചേരുന്നതിന്റെ ഓരോ ഘട്ടത്തിലും എസ്.എം.എസ് സന്ദേശങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതിനായി തങ്ങളുടെ മൊബൈല്‍ നമ്പര്‍ വിതരണക്കാരുടെ പക്കല്‍ ഉപഭോക്താക്കള്‍ രജിസ്റ്റര്‍ ചെയ്യണം.