Skip to main content
ന്യൂഡല്‍ഹി

national green tribunalപശ്ചിമഘട്ട സംരക്ഷണ നടപടികള്‍ സംബന്ധിച്ച ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ ഉടന്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ദേശീയ ഹരിത ട്രിബ്യൂണല്‍ തിങ്കളാഴ്ച ആവശ്യപ്പെട്ടു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നിരാകരിച്ചോയെന്ന് ആരാഞ്ഞ ട്രിബ്യൂണല്‍ എത് റിപ്പോര്‍ട്ടാണ് നടപ്പാക്കുകയെന്ന് ഒരാഴ്ചക്കകം അറിയിക്കണമെന്ന്‍ ഉത്തരവിട്ടു.

 

ഇക്കാര്യത്തില്‍ പരിസ്ഥിതി-വനം​ മന്ത്രാലയം ഒളിച്ചുകളി നടത്തുകയാണെന്നും ജസ്റ്റിസ് സ്വതന്തർ കുമാർ അദ്ധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. രണ്ടു റിപ്പോർട്ടുകളും പരിഗണനയിലാണെന്നും ഏത് റിപ്പോർട്ട് സ്വീകരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകൻ പറഞ്ഞപ്പോഴാണ് മന്ത്രാലയത്തോട് ഒളിച്ചുകളി അവസാനിപ്പിക്കാന്‍ ട്രിബ്യൂണല്‍ ആവശ്യപ്പെട്ടത്.

 

പശ്ചിമഘട്ട നിലനിരകള്‍ നിലനില്‍പ്പിന് വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് സംരക്ഷണ നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായി ഒരു സമിതിയെ നിയോഗിച്ചത്. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ രൂക്ഷമായ എതിര്‍പ്പ് ഉയര്‍ത്തിയതിനെ തുടര്‍ന്ന്‍ യു.പി.എ സര്‍ക്കാര്‍ അന്ന് ആസൂത്രണ സമിതി അംഗമായിരുന്ന ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ മറ്റൊരു സമിതിയെ ഈ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തി. എന്നാല്‍, കസ്തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ടിനെതിരെയും കേരളത്തില്‍ പ്രതിഷേധം ശക്തമാണ്.