Skip to main content
ന്യൂഡല്‍ഹി

arvind kejriwalആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിന് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മര്‍ദ്ദനമേറ്റു. പ്രവര്‍ത്തകര്‍ക്ക് കൈ കൊടുക്കുന്നതിനിടയില്‍ ഒരാള്‍ കേജ്രിവാളിന്റെ പുറത്ത് ഇടിക്കുകയും മുഖത്ത് അടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

 

അക്രമത്തിന് പിന്നിലെ ബി.ജെ.പിയാണെന്ന് കേജ്രിവാള്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയാകാന്‍ ചിലര്‍ ഏതറ്റവും വരെ പോകുമെന്നും എന്നാല്‍, തങ്ങള്‍ തിരിച്ചടിക്കരുതെന്നും കേജ്രിവാള്‍ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, പോലീസ് കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പ് അക്രമിയെ ആം ആദ്മി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

ഏതാനും ദിവസം മുന്‍പ്, ഹരിയാനയില്‍ ഒരാള്‍ കേജ്രിവാളിന്റെ പ്രചാരണ വാഹനത്തില്‍ കയറി മുഖത്ത് അടിക്കാന്‍ ശ്രമിച്ചിരുന്നു. അന്നും അക്രമിയെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിനെ അപലപിച്ച കേജ്രിവാള്‍, ഭാവിയില്‍ അക്രമത്തിലേക്ക് തിരിയരുതെന്നും അത് പ്രസ്ഥാനത്തിന്റെ അന്ത്യമായിരിക്കുമെന്നും പറഞ്ഞിരുന്നു.

 

കഴിഞ്ഞ മാസം, ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോഡിയ്ക്കെതിരെ കേജ്രിവാള്‍ മത്സരിക്കുന്ന വാരാണസിയില്‍ പ്രചാരണത്തിനിടെ കേജ്രിവാളിന് മേല്‍ മഷി ഒഴിച്ചിരുന്നു.

Tags