Skip to main content
ന്യൂഡല്‍ഹി

Prasanth Bhushan and vs achuthanandanഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കൂടികാഴ്ച നടത്തി. പാമോലിന്‍ കേസില്‍ വി.എസിനുവേണ്ടി പ്രശാന്ത് ഭൂഷണ്‍ ഹാജരാകും. കേരളാ ഹൗസില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സുപ്രീം കോടതി മുന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അംഗം ആര്‍. സതീഷും കൂടികാഴ്ച്ചയില്‍ പങ്കെടുത്തു.

 

രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പാമോലിന്‍ കേസ് മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും വി.എസ് അറിയിച്ചു. അതേസമയം വി.എസ് പാര്‍ട്ടിയിലേക്ക് വരില്ലെന്ന് ഉറപ്പാണെന്നും പ്രശാന്ത് ഭൂഷണ്‍ കൂടിക്കാഴ്ച്ചക്ക് ശേഷം പറഞ്ഞു. പാര്‍ട്ടിക്കായി വിഎസിന്റെ സഹകരണം തേടിയതായും പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു.

 

വി.എസ് അച്യുതാനന്ദനെ അടുത്തിടെ പ്രശാന്ത് ഭൂഷണും അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ തന്റെ നീണ്ട എഴുപത് വര്‍ഷക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തെ കെജ്‌രിവാള്‍ മനസിലാക്കിയിട്ടില്ലെന്നും ഇത് പഠിക്കാതെയാണ് തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതെന്നുമായിരുന്നു വി.എസ് പറഞ്ഞിരുന്നത്.

 

എന്നാല്‍ താന്‍ ആം ആദ്മി പാര്‍ട്ടിയിലേക്കില്ലെന്ന് വി.എസ് വ്യക്തമാക്കിയതിനു ശേഷമുളള ഇരുവരുടെയും ആദ്യ കൂടികാഴ്ച്ചയാണിത്. പ്രമുഖ സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഐസ്‌ക്രീം കേസടക്കമുള്ള വി.എസിന്റെ നിയമ പോരാട്ടങ്ങള്‍ക്ക് കോടതിയില്‍ ഹാജരായിരുന്നത്.