Skip to main content
ന്യൂഡല്‍ഹി

ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ പുതിയ രാഷ്ട്രീയ സഖ്യങ്ങള്‍ നിലവില്‍ വരുന്നു. ബീഹാറില്‍ രാം വിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) ബി.ജെ.പിയുമായി സഖ്യത്തിന്റെ സൂചനകള്‍ നല്‍കി. പ്രത്യേക തെലുങ്കാന സംസ്ഥാന രൂപീകരണം എന്ന ആവശ്യമുയര്‍ത്തി രൂപീകരിച്ച തെലുങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) കോണ്‍ഗ്രസില് ലയിക്കുമെന്ന സൂചനകളും ശക്തമായി.  

 

ram vilas paswanന്യൂഡല്‍ഹിയില്‍ ഇന്ന്‍ ചേര്‍ന്ന എല്‍.ജെ.പി പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട പാസ്വാന്‍ എന്നാല്‍, സഖ്യം സംബന്ധിച്ച വ്യക്തമായ തീരുമാനം വെളിപ്പെടുത്തിയില്ല. നിലവിലെ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യവുമായി പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കിയ പാസ്വാന്‍ പാര്‍ട്ടിയുടെ മുന്നില്‍ എല്ലാ സാധ്യതകളും ഉണ്ടെന്ന് പറഞ്ഞു. ബി.ജെ.പിയുമായുള്ള സഖ്യത്തിന് എതിരല്ല പാര്‍ട്ടിയിലെ അഭിപ്രായമെന്നും മൂന്ന്‍-നാല് ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

ബി.ജെ.പിയുമായുള്ള സഖ്യചര്‍ച്ചകള്‍ ഏറെക്കുറെ പൂര്‍ത്തിയായതായും ബീഹാറിലെ 40 ലോകസഭാ സീറ്റുകളില്‍ ഏഴ്-എട്ട് സീറ്റുകളില്‍ എല്‍.ജെ.പി മത്സരിക്കുമെന്നുമാണ് സൂചന. 2002-ല്‍ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിട്ട ആദ്യ പാര്‍ട്ടിയായ എല്‍.ജെ.പി 12 വര്‍ഷങ്ങള്‍ക്ക് ശേഷം സഖ്യത്തിലേക്ക് തിരിച്ചെത്തുന്നത് ബി.ജെ.പിയ്ക്കും പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയ്ക്കും ആത്മവിശ്വാസം പകരുന്ന ഒന്നായിരിക്കും.

 

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്വിജയ സിങ്ങാണ് ടി.ആര്‍.എസ് കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച സൂചന ടി.ആര്‍.എസ് നല്‍കിയതായും ഇതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും സിങ്ങ് അറിയിച്ചു. തെലുങ്കാന രൂപീകരണത്തിന് നന്ദി പ്രകാശിപ്പിക്കുന്നതിനായി ടി.ആര്‍.എസ് നേതാവ് കെ. ചന്ദ്രശേഖര്‍ റാവു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും സന്ദര്‍ശിച്ചത് ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യസാധ്യതകള്‍ ശക്തമാക്കിയിരുന്നു.

 

എന്നാല്‍, ടി.ആര്‍.എസ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ലയനത്തേക്കാള്‍ സഖ്യമാണ് ടി.ആര്‍.എസ് നേതാക്കള്‍ താല്‍പ്പര്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.