തെലുങ്കാന സംസ്ഥാന രൂപവത്കരണ ബില്‍ രാജ്യസഭയും പാസാക്കി. രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ ഇനി രാജ്യത്തെ ഇരുപത്തിയൊന്‍പതാമത്തെ സംസ്ഥാനമാകും തെലുങ്കാന. സീമാന്ധ്രയില്‍ നിന്നുള്ള അംഗങ്ങളും തൃണമൂല്‍ അംഗങ്ങളും ബില്ലിനെ എതിര്‍ത്തപ്പോള്‍ മുഖ്യപ്രതിപക്ഷ കക്ഷിയായ ബി.ജെ.പി ബില്ലിനെ അനുകൂലിച്ചു. ഇടത് എം.പിമാര്‍ ഇറങ്ങിപ്പോയി.
ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ ഭേദഗതികള്‍ കൂടാതെയാണ് രാജ്യസഭ ബില്‍ പാസാക്കിയത്. സീമാന്ധ്ര മേഖലയ്ക്ക് അഞ്ചു വര്‍ഷത്തേയ്ക്ക് പ്രത്യേക പദവി നല്‍കുമെന്ന് രാജ്യസഭയില്‍ സംസാരിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. സീമാന്ധ്രയ്ക്കായി ആറിന കര്‍മ്മപദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. തെലുങ്കാന അനുകൂലികള്‍ വന്‍ ആഘോഷത്തോടെയാണ് ബില്‍ പാസായതിനെ സ്വീകരിച്ചത്.
തെലുങ്കാന ബില്‍ പാസ്സാക്കിയതിന് പിന്നാലെ ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് അംഗീകാരമായി. തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ഇ.എല്‍ നരസിംഹന്‍ ശുപാര്‍ശ ചെയ്തിരുന്നു. കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ താത്പര്യമില്ലെന്ന് കിരണ്‍ കുമാര്‍ റെഡ്ഡി പറഞ്ഞതോടെയാണ് ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിനു വഴി തെളിഞ്ഞത്.
സീമാന്ധ്ര, തെലുങ്കാന എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളായാണ് ആന്ധ്രാപ്രദേശ് വിഭജിക്കുക. പത്ത് വര്‍ഷത്തേയ്ക്ക് ഹൈദ്രാബാദ് ഇരു സംസ്ഥാനങ്ങള്‍ക്കും പൊതു തലസ്ഥാനമാകും. ആന്ധ്രാപ്രദേശിലെ 10 ജില്ലകളാണ് തെലുങ്കാനയില്‍ ഉണ്ടാകുക. പത്ത് വര്‍ഷത്തിനുള്ളില്‍ ആന്ധ്രക്ക് പുതിയ തലസ്ഥാനം വരും. ഇതോടെ ഹൈദ്രാബാദ് തെലുങ്കാനയുടെ മാത്രം തലസ്ഥാനമാകും.