Skip to main content
ന്യൂഡല്‍ഹി

Arvind kejriwalഡെല്‍ഹിയില്‍ ജന ലോക്പാല്‍ ബില്ലിന് നിയമസഭയില്‍ അവതരണാനുമതി തേടിയ വോട്ടെടുപ്പില്‍ ആം ആദ്മി സര്‍ക്കാറിന് പരാജയം. തുടര്‍ന്ന്‍ സര്‍ക്കാറിനെ പുറത്ത് നിന്ന്‍ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന്റേയും പ്രതിപക്ഷമായ ബി.ജെ.പിയുടേയും ആവശ്യത്തെ തുടര്‍ന്നാണ് വോട്ടെടുപ്പ് നടത്തിയത്. എ.എ.പിയുടെ 27 അംഗങ്ങള്‍ ബില്‍ അവതരിപ്പിക്കുന്നതിനെ പിന്തുണച്ചപ്പോള്‍ മറ്റ് 42 അംഗങ്ങള്‍ എതിര്‍ത്തു.

 

ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങ് നല്‍കിയ നിര്‍ദ്ദേശത്തെ മറികടന്ന് നേരത്തെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസും ബി.ജെ.പിയും വന്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന്‍ സഭ നിര്‍ത്തിവെച്ചു. തുടര്‍ന്ന് സഭ  ചേര്‍ന്നപ്പോഴാണ് ബില്ലില്‍ അവതരണാനുമതി തേടി വോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ തീരുമാനിച്ചത്.

 

ബില്‍ അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ കഴിഞ്ഞ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സോളിസിറ്റര്‍ ജനറല്‍ നല്‍കിയ നിയമോപദേശത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ ഈ ആവശ്യവുമായി കത്തയച്ചത്. കത്ത് സ്പീക്കര്‍ നിയമസഭയില്‍ വായിച്ചു. ബില്‍ തന്റെ മുന്നില്‍ എത്തിയിട്ടില്ലെന്ന്‍ കത്തില്‍ ജങ്ങ് പറഞ്ഞു. ഡെല്‍ഹിയില്‍ ബില്‍ അവതരണത്തിന് ലഫ്റ്റനന്റ് ഗവര്‍ണറുടെ മുന്‍‌കൂര്‍ അനുമതി വേണമെന്നാണ് വ്യവസ്ഥ.

 

കേന്ദ്രം പാസാക്കിയ ലോക്പാല്‍ ബില്ലില്‍ നിന്ന്‍ വ്യത്യസ്തമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഡെല്‍ഹി സര്‍ക്കാറിന്റെ ജന ലോക്പാല്‍ ബില്‍. ബില്‍ പാസാക്കാനായില്ലെങ്കില്‍ രാജിവെക്കുമെന്ന് അരവിന്ദ് കേജ്രിവാള്‍ പറഞ്ഞിരുന്നു.

 

കോണ്‍ഗ്രസ്-ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നിയമസഭാ സമ്മേളത്തിന്‍റെ ആദ്യ ദിവസം ജനലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ബില്‍ അവതരിപ്പിക്കുന്നതിനെ ചൊല്ലി ആം ആദ്മി പാര്‍ട്ടിയില്‍ തന്നെ ഭിന്നതയുണ്ട്. ജനലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും കുറ്റപ്പെടുത്തി.

Tags