Skip to main content
ന്യൂഡല്‍ഹി

കോണ്‍ഗ്രസ്‌ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് ബി.ജെ.പി. രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ അതാണ്‌ വ്യക്തമാക്കുന്നത്. യു.പി.എ സര്‍ക്കാരിനോ സോണിയാ ഗാന്ധിക്കോ ഇനി ഒന്നും ചെയാന്‍ കഴിയില്ലെന്നും മന്‍മോഹന്‍ സിംഗിന്‍റെ കാലം കഴിഞ്ഞു എന്നും രാഹുല്‍ ഗാന്ധി ഒരു തികഞ്ഞ പരാജയമാണെന്നും ബി.ജെ.പി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

 

ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയുമായി കേന്ദ്രമന്ത്രിയും എന്‍.സി.പി നേതാവുമായ ശരദ് പവാര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതും മറ്റൊരു എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ മോഡിയെ അനുകൂലിച്ച് സംസാരിച്ചതും പുതിയ സഖ്യത്തിലേക്കു നീങ്ങുന്നതിന്‍റെ തെളിവാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

 

യു.പി.എ സര്‍ക്കാരിലും മഹാരാഷ്ട്ര നിയമസഭയിലും കോണ്‍ഗ്രസിന്‍റെ ഏറ്റവും പ്രധാന സഖ്യകക്ഷിയാണ് എന്‍.സി.പി. കോണ്‍ഗ്രസ് വിട്ടുവെങ്കിലും മഹാരാഷ്ട്രയിലും കേന്ദ്രത്തിലും കോണ്‍ഗ്രസിന് മികച്ച പിന്തുണയാണ് പവാര്‍ നല്കി വരുന്നത്. ബി.എസ്.പി, എസ്.പി, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളുടെ പിന്‍ബലത്തിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും ഈ വരുന്ന തെരഞ്ഞെടുപ്പില്‍ അതെല്ലാം മാറ്റി മറിക്കപ്പെടുമെന്നും രവിശങ്കര്‍ പ്രസാദ് അറിയിച്ചു.