Skip to main content
ന്യൂഡല്‍ഹി

Somnath bharathiഉഗാണ്ടന്‍ വനിതകളുടെ താമസസ്ഥലം നിയമമന്ത്രി സോംനാഥ് ഭാരതിയുടെ നേതൃത്വത്തിലുള്ള ആം ആദ്മി സംഘം ആക്രമിച്ചുവെന്ന പരാതിയില്‍ രാജി ആവശ്യം ശക്തമാകുന്നു. നിയമമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫ്ളാറ്റുകളില്‍ കയറി അക്രമം നടത്തിയതെന്ന് ഉഗാണ്ടന്‍ യുവതികള്‍ മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്‍കിയിരുന്നു.
 

മന്ത്രിയുടെ നേതൃത്വത്തിലത്തെിയ സംഘം വംശീയാധിക്ഷേപം നടത്തി. നീളമുള്ള വടികൊണ്ട് മര്‍ദിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ഫ്ളാറ്റില്‍ അതിക്രമിച്ചു കയറി ഏറെനേരം ഉപദ്രവം തുടര്‍ന്നു എന്നിങ്ങനെയാണ് സാകേത് മജിസ്ട്രേറ്റ് കോടതി മുമ്പാകെ യുവതികള്‍ നല്‍കിയ മൊഴി. യുവതികളുടെ മൊഴിയനുസരിച്ച് ക്രിമിനല്‍ നടപടിക്രമം 164 പ്രകാരം മന്ത്രിക്കെതിരെ കേസെടുക്കേണ്ടിവരും. കേസില്‍ പ്രതിയാകുന്നതോടെ സോമനാഥ് ഭാരതിയുടെ മന്ത്രിസ്ഥാനം പരുങ്ങലിലാകും.

പെണ്‍വാണിഭവും മയക്കുമരുന്ന് വ്യാപാരവും നടത്തുന്നുവെന്ന് ആരോപിച്ചാണ് തെക്കന്‍ ഡല്‍ഹിയില്‍ ഉഗാണ്ടന്‍ സ്ത്രീകള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ജനുവരി 16-ന് രാത്രി മന്ത്രി സോമനാഥ് ഭാരതിയും ആം ആദ്മി പ്രവര്‍ത്തകരും റെയ്ഡ് നടത്തിയത്. തുടർന്ന് നടപടി സ്വീകരിക്കാൻ പൊലീസിനോട് മന്ത്രി നിർദ്ദേശിച്ചിരുന്നു. എന്നാൽ വാറണ്ടില്ലാതെ റെയ്ഡ് നടത്താനാകില്ലെന്നും പൊലീസ് പറഞ്ഞു. അതോടെ മന്ത്രിയും പൊലീസും തമ്മിൽ വാക്കേറ്റമായി.

 

മന്ത്രിയുടെ നിർദ്ദേശം അനുസരിക്കാതിരുന്ന എസ്.എച്ച്.ഒയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേജ്‌രിവാളിന്റെ നേതൃത്വത്തിൽ സമരം നടത്തി. ഒത്തുതീർപ്പിന്‍റെ ഭാഗമായി അന്വേഷണം പൂർത്തിയാകും വരെ മാളവ്യ നഗർ എസ്.എച്ച്.ഒ വിജയ് പാൽ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിരുന്നു. കേസ് അന്വേഷണം മാളവ്യ നഗർ പൊലീസിൽ നിന്ന് മെഹ്‌റോളി പൊലീസിന് കൈമാറുമെന്നും അറിയുന്നുണ്ട്.  അന്വേഷണ ചുമതല വനിതാ എസ്.എച്ച്.ഒയെ ഏൽപ്പിക്കുമെന്നും സൂചനയുണ്ട്.

 

ഉഗാണ്ടൻ വനിതകളോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും സംഭവങ്ങൾ മുഴുവൻ റെക്കാ‌‌ഡ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പിന്നീട് അറിയിച്ചിരുന്നു. മന്ത്രിക്ക് പൂർണ പിന്തുണയുമായി ആം ആദ്മി പാർട്ടിയും സർക്കാരും രംഗത്തുവരികയും ചെയ്തിരുന്നു