Skip to main content
ന്യൂഡല്‍ഹി

Arvind Kejriwal

ഡല്‍ഹിയിലെ തെരുവില്‍ ധര്‍ണ നടത്തുന്നതിനോടൊപ്പം ഭരണവും നിര്‍വഹിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പുതിയ കരുനീക്കം. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കെജ്‌രിവാളും സഹമന്ത്രിമാരും ഡല്‍ഹിയില്‍ ധര്‍ണ നടത്തുന്നത്.

 

കടുത്ത തണുപ്പിനെയും കൂസാതെ റോഡരികില്‍ തന്നെയാണ് കെജ്‌രിവാളും മന്ത്രിമാരും അനുയായികളും രാത്രി ഉറങ്ങിയത്. മുഖ്യമന്ത്രിക്കൊപ്പം ആറ് മന്ത്രിമാരും നൂറുകണക്കിന് ആം ആദ്മി പ്രവര്‍ത്തകരും ധര്‍ണയില്‍ പങ്കെടുക്കുന്നു. ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാറിനെതിരെ ഒരു മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിസഭയും ധര്‍ണ നടത്തുന്നത്. പത്തുദിവസത്തെ തയ്യാറെടുപ്പോടെയാണ് ധര്‍ണയ്‌ക്കെത്തിയതെന്നും വേണ്ടിവന്നാല്‍ അതുകഴിഞ്ഞും തുടരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. 

 

സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ രാജ്യതലസ്ഥാനം സ്തംഭിപ്പിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഡല്‍ഹി പൊലീസിന്റെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിനാണ്. സമരക്കാരെ നേരിടാന്‍ പൊലീസ് കര്‍ശന നിയന്ത്രണങ്ങളിലേക്കു നീങ്ങിയതോടെ മധ്യഡല്‍ഹിയില്‍ യാത്രക്കാര്‍ ദുരിതത്തിലായി.

  
സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ഉദ്യോഗ്ഭവന്‍ മെട്രോ സ്‌റ്റേഷനുകള്‍ ഇന്നും അടച്ചിട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഭൂരിഭാഗവും പ്രധാനമായും ജോലിക്കെത്തുന്നത് ഈ രണ്ട് മെട്രോ സ്‌റ്റേഷനില്‍ കൂടിയാണ്. ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പു നടപടിയെടുക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. മുഖ്യമന്ത്രി, സ്ഥാനത്തിന്റെ അന്തസ്സ് കാക്കണമെന്നു കേജ്‌രിവാളിനോട് അദ്ദേഹം അഭ്യര്‍ഥിച്ചു. 

 

തിങ്കളാഴ്ച ധര്‍ണ ആരംഭിച്ചത് മുതല്‍ റെയില്‍ ഭവന് സമീപം മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കെജ്‌രിവാളിന്‍റെയും ആം ആദ്മിയുടെയും ഈ പുതിയ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാറിന് പോലീസില്‍ നിയന്ത്രണമില്ലാത്ത അവസ്ഥയ്‌ക്കെതിരെയാണ് സമരം. റിപ്പബ്ലിക് ദിന പരേഡിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ സമരം ജന്തര്‍ മന്തറിലേക്ക് സമരം മാറ്റണമെന്ന പൊലീസിന്റെ അഭ്യര്‍ഥന കേജ്‌രിവാള്‍ തള്ളി.