ജമ്മു കാശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ (370) വകുപ്പിനെതിരായ നിലപാടിൽ ബി.ജെ.പി അയവുവരുത്തി. ജമ്മു കാശ്‌മീരിന്‍റെ വികസനത്തിന് ഇത് ഉപകരിക്കുമെങ്കിൽ പാർട്ടിക്ക് അതിനോട് എതിർപ്പില്ലെന്ന് ദേശീയ അദ്ധ്യക്ഷൻ രാജ്നാഥ് സിംഗ് വ്യക്തമാക്കി. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ദേശീയ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ്‌മീരിനുള്ള പ്രത്യേക പദവിയോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്നായിരുന്നു പാർട്ടിയുടെ മുൻ നിലപാട്. കാശ്‌മീരിനുള്ള പ്രത്യേക പദവി നൽകുന്ന വകുപ്പിന്‍റെ കാര്യത്തിൽ വിശദമായ ചർച്ച വേണമെന്ന് കഴിഞ്ഞദിവസം കാശ്‌മീരിൽ നടന്ന റാലിക്കിടെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ അദ്ധ്യക്ഷൻ പാർട്ടിയുടെ നിലപാട് ഔദ്യോഗികമായി അറിയിച്ചത്.
കൗൺസിലിൽ ഇന്നലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുൺ ജെയ്‌റ്റലി അവതരിപ്പിച്ച സാമ്പത്തിക പ്രമേയവും കൗൺസിൽ പാസാക്കി. യു.പി.എ സർക്കാരിന്‍റെ അഴിമതി ഉയർത്തിക്കാണിച്ചിട്ടുള്ള പ്രമേയത്തിൽ തൊഴിലില്ലായ്‌മ, രൂപയുടെ മൂല്യ തകർച്ച, കള്ളപ്പണം, കാർഷിക മേഖലയുടെ തകർച്ച എന്നിവ വിശദമായി ചർച്ച ചെയ്യുന്നുണ്ട്.
സമ്മേളനത്തിന്‍റെ സമാപന ദിവസമായ ഞായറാഴ്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കും. തുടർന്ന് മുതിർന്ന നേതാവ് എൽ.കെ. അദ്വാനി, നരേന്ദ്ര മോഡി എന്നിവർ സംസാരിക്കും. കേരളത്തിൽ നിന്ന് ഒ.രാജഗോപാൽ, സംസ്ഥാന അദ്ധ്യക്ഷൻ വി. മുരളീധരൻ, ദേശീയ സെക്രട്ടറി പി.കെ കൃഷ്ണദാസ്, ദേശീയ എക്‌സിക്യൂട്ടീവ് അംഗം ശോഭാ സുരേന്ദ്രൻ അടക്കം നിരവധി പേർ പങ്കെടുക്കുന്നുണ്ട്