Skip to main content
ന്യൂഡല്‍ഹി

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ ആസ്ഥാനത്തിനു നേരെ ആക്രമണം. നാല്‍പതോളം വരുന്ന ആക്രമികളാണ് കൗശാംബിയിലെ ഓഫീസിനു നേരെ കല്ലെറിഞ്ഞത്. 

 

കശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്നതിന് മുന്‍പ് ജനഹിത പരിശോധ നടത്തണമെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷന്‍റെ  പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ആക്രമണം.  ഞായറാഴ്ച സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തില്‍ കശ്മീരിലെ സേനാവിന്യാസം സംബന്ധിച്ചു ജനഹിത പരിശോധന നടത്തണമെന്ന അദ്ദേഹത്തിന്‍റെ  പരാമര്‍ശം വിവാദമായിരുന്നു.

 

ഹിന്ദു രക്ഷാ ദളിന്‍റെ പ്രവർത്തകർ ഗാസിയാബാദിലെ ഓഫീസിന് നേരെ ആക്രമണം നടത്തുകയായിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയ്ക്ക് സമീപമുള്ള പാര്‍ട്ടിയുടെ ആസ്ഥാനമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഓഫീസിലെ ജനാലകളുടെ ചില്ലുകള്‍ തകര്‍ന്നു. 

 

 ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ഒരു സംഘം ആളുകള്‍ പ്രകടനമായി പാര്‍ട്ടി ഓഫിസിന് സമീപം എത്തിയത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പോലീസ് പറഞ്ഞു. ആക്രമികളില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ഉടനെ നടപടിയെടുക്കുമെന്ന് എസ്.എസ്.പി ധര്‍മേന്ദ്ര സിങ്ങ് അറിയിച്ചു. ആക്രമണം നടക്കുമ്പോള്‍ ഓഫിസിന് കാര്യമായ സുരക്ഷ ഉണ്ടായിരുന്നില്ല.അക്രമത്തിന് ശേഷം പോലീസ് സ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിന്‍റെ വസതിയിലും പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ പ്രശാന്ത് ഭൂഷന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയ്ക്ക് ഇതില്‍ ഒരു ബന്ധവുമില്ലെന്നും അരവിന്ദ് കെജ്രിവാള്‍ വിശദീകരിച്ചു.