Skip to main content
ന്യൂഡല്‍ഹി

arvind kejriwalഡെല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പത്ത് ദിവസത്തെ സാവകാശം ആം ആദ്മി പാര്‍ട്ടി (എ.എ.പി) ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങുമായി നടന്ന കൂടിക്കാഴ്ചയിലാണ് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഈ ആവശ്യം ഉന്നയിച്ചത്. കോണ്‍ഗ്രസ്, ബി.ജെ.പി പാര്‍ട്ടികളുടെ ദേശീയ അധ്യക്ഷരായ സോണിയാ ഗാന്ധിയ്ക്കും രാജ്നാഥ് സിങ്ങിനും പിന്തുണയുമായി ബന്ധപ്പെട്ട് കത്തയച്ചതായും കേജ്രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

തങ്ങള്‍ മുന്നോട്ട് വെക്കുന്ന ഉപാധികള്‍ കോണ്‍ഗ്രസും ബിജെപിയും അംഗീകരിച്ചാല്‍ ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്നാണ് കെജ്രിവാളിന്റെ നിലപാട്. ജന്‍ ലോക്പാല്‍ ബില്‍, വൈദ്യുത നിരക്ക്, ജല വിതരണം എന്നിങ്ങനെ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയ 18 വിഷയങ്ങളാണ് കത്തില്‍ കേജ്രിവാള്‍ ഉന്നയിക്കുന്നത്.

 

70-അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിലക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് 31 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയ്ക്ക് ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ബി.ജെ.പി അറിയിച്ചതിനെ തുടര്‍ന്ന് 28 സീറ്റുകള്‍ നേടിയ രണ്ടാമത്തെ വലിയ കക്ഷിയായ എ.എ.പിയെ ഗവര്‍ണര്‍ ക്ഷണിച്ചത്.

 

ആര്‍ക്കും പിന്തുണ നല്‍കാനോ ആരുടേയും പിന്തുണ സ്വീകരിക്കാനോ തയ്യാറല്ലെന്ന നിലപാടായിരുന്നു എ.എ.പി സ്വീകരിച്ചിരുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം എ.എ.പിയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിയും എ.എ.പി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ക്രിയാത്മക പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

 

എന്നാല്‍ ഇവരുടെ ലക്ഷ്യം എന്താണെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ടെന്ന് കത്തയച്ച നടപടിയ്ക്ക് വിശദീകരമായി കേജ്രിവാള്‍ പറയുന്നു. പാര്‍ട്ടിയ്ക്ക് ആരുടെയും നിരുപാധിക പിന്തുണ ആവശ്യമില്ലെന്നും പിന്തുണയ്ക്ക് അവരുടെ നിബന്ധനകളല്ല, തങ്ങളുടെ നിബന്ധനകള്‍ അവര്‍ അംഗീകരിക്കുകയാണ് വേണ്ടതെന്നും കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Tags