ജമ്മു-കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് സംബന്ധിച്ച് വിശദമായ ചര്‍ച്ച വേണമെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന വിവാദത്തില്‍. മോഡിയുടെ പ്രസ്താവന രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. 370-ാം വകുപ്പിനെക്കുറിച്ച് അറിയാതെയാണ് മോഡി പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടാണ് മോഡി ഇപ്പോള്‍ ഇത്തരത്തിലൊരു പ്രസ്താവനയിറക്കിയതെന്ന്‍ കോണ്‍ഗ്രസ്സ് വ്യക്തമാക്കി.
ഭരണഘടനയിലെ 370-ാം വകുപ്പ് കശ്മീരിന് ഗുണകരമാണോ എന്ന കാര്യത്തില്‍ ചര്‍ച്ച വേണമെന്നാണ് മോഡി പറഞ്ഞത്. കാശ്മീരിലെ സ്ത്രീകള്‍ക്ക് തുല്യാവകാശം നിഷേധിക്കുകയാണെന്നും മോഡി കുറ്റപ്പെടുത്തി. ഒമര്‍ അബ്ദുള്ള കശ്മീരിനു പുറത്ത് വിവാഹം ചെയ്തെങ്കിലും പൗരനെന്ന നിലയില്‍ അദ്ദേഹത്തിനുള്ള അവകാശങ്ങള്‍ തുടര്‍ന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ സഹോദരിക്ക് വിവാഹത്തോടെ അവകാശങ്ങള്‍ നഷ്ടമായി. ഇത് സംസ്ഥാനത്തെ സ്ത്രീകള്‍ക്കെതിരായ വിവേചനമല്ലേയെന്നും മോഡി ചോദിച്ചു.
എന്നാല്‍ മോഡി പത്ത് തവണ പ്രധാനമന്ത്രിയായാലും ഭരണഘടനയിലെ 370-ാം വകുപ്പ് മാറ്റാനാവില്ലെന്ന് കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ബി.ജെ.പി ഈ വിഷയത്തില്‍ ഒന്നും പറയില്ലെന്നും മോഡി വെറും വാക്ക് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. മോഡി ഇക്കാര്യം ആദ്യം സംഘപരിവാറുമായി ചര്‍ച്ച ചെയ്യട്ടെയെന്നും അതിനു ശേഷം കാര്യങ്ങള്‍ തീരുമാനിക്കാമെന്നും പറഞ്ഞ്കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ദ്വിഗ് വിജയ് സിങ്ങ് രംഗത്തെത്തി. മോഡിക്ക് ചരിത്രമറിയില്ലെന്നും നിരവധി തവണയായി തെറ്റായ വസ്തുതകളാണ് പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോഡിയുടെ പ്രസ്താവന കാശ്മീരിലെ സംഘര്‍ഷത്തിനു മാത്രമേ വഴി വക്കൂ എന്ന് പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സെയ്ദ് വ്യക്തമാക്കി. ഭരണഘടന അനുവദിച്ച സ്ഥിരം അവകാശമാണു പ്രത്യേക പദവി. അത് റദ്ദാക്കാനാവില്ല. പാര്‍ലമെന്‍റിനു പോലും ഭരണഘടനാപരമായി അതിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.