Skip to main content
ന്യൂഡല്‍ഹി

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന്ബി.ജെ.പി. മോഡിയുടെ അടുത്ത സഹായിയും ഗുജറാത്ത്‌ മുന്‍ ആഭ്യന്തര സഹമന്ത്രിയുമായ അമിത് ഷാ ഒരു അവിവാഹിതയായ യുവതിയെ നിരീക്ഷിക്കാന്‍ പോലീസിനെ ദുരുപയോഗം ചെയ്തതായാണ് ആരോപണം. പോലീസിനെ അവിഹിതമായി ഉപയോഗിച്ച്‌ യുവതിയുടെയും ഐ.എ.എസ്‌. ഓഫീസര്‍ പ്രദീപ്‌ ശര്‍മയുടെയും നീക്കം ചോര്‍ത്തിയിരുന്നുവെന്നും പറയുന്നു. സംഭാഷണത്തില്‍ നരേന്ദ്ര മോഡിയെപ്പറ്റി നേരിട്ടു പരാമര്‍ശമില്ലെങ്കിലും ‘സാഹേബ്‌’എന്നു പറയുന്നത്‌ മോഡിയെപ്പറ്റിയാണെന്നാണ് ആരോപണം.

 

തെഹല്‍ക്ക ആയുധ ഇടപാട്‌ കേസ്‌ പുറത്തു കൊണ്ടുവന്ന അനിരുദ്ധ്‌ ബെഹ്‌ലിന്റെ കോബ്രാ പോസ്‌റ്റ്‌ എന്ന വെബ്‌സൈറ്റും വാര്‍ത്താ പോര്‍ട്ടലായ ഗുലൈലും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌.  2009-ല്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത്‌ ഷാ, ഗുജറാത്ത്‌ ഭീകര വിരുദ്ധ സ്‌ക്വാഡ്‌ എസ്‌.പി സിംഗാളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളിലെ വിവരങ്ങളാണ്‌ പുറത്തുവിട്ടത്‌. ഇസ്രത്‌ ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയായ സിംഗാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്‌.

 

ആരോപണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രഹസ്യ നിരീക്ഷണത്തിന് ഷായോട് ഉത്തരവിട്ട സാഹേബ് ആരാണെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ബി.ജെ.പി രംഗത്തെത്തി. മോഡിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും ബി.ജെ.പി പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് ആരോപണം നിഷേധിക്കുകയും പിതാവ് ആവശ്യപ്പെട്ടത് പ്രകാരമുള്ള സംരക്ഷണം പെണ്‍കുട്ടിക്ക് നല്‍കുക മാത്രമാണ് ചെയ്തതെന്നും ബി.ജെ.പി വ്യക്തമാക്കി.