Skip to main content
ന്യൂഡല്‍ഹി

narendra modi

 

ബീഹാറില്‍ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി പങ്കെടുത്ത റാലിയില്‍ ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മോഡിയുടെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. സ്ഫോടനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്ന തീവ്രവാദ സംഘടന ഇന്ത്യന്‍ മുജാഹിദീന്റെ ഏറ്റവും പ്രധാന ലക്ഷ്യമാണ് മോഡിയെന്ന്‍ പേരു വെളിപ്പെടുത്താത്ത ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ പറയുന്നു.

 

ദേശീയ സുരക്ഷാ ഗാര്‍ഡിലെ (എന്‍.എസ്.ജി) 108 ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകള്‍ മൂന്ന്‍ തട്ടിലായാണ് ഇപ്പോള്‍ മോഡിയുടെ സുരക്ഷാചുമതല നിര്‍വ്വഹിക്കുന്നത്. ആക്രമണകാരികളെ ചെറുക്കാന്‍ ഒരു വിഭാഗവും മോഡിയ്ക്ക് ചുറ്റും സുരക്ഷാവലയം തീര്‍ത്ത് അടുത്ത വിഭാഗവും ആക്രമണമുണ്ടാവുകയാണെങ്കില്‍ മോഡിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ മറ്റൊരു വിഭാഗവും പ്രവര്‍ത്തിക്കുന്നു.

 

പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രിമാര്‍ എന്നിവരുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജിയുടെ അതേ രീതിയിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. മോഡി പങ്കെടുക്കുന്ന റാലികളുടെ വേദികള്‍ പരിപാടിയ്ക്ക് മുന്‍പ് ആറുതവണ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും. മോഡി എത്തുന്നതിന് ഒരു മണിക്കൂര്‍ മുന്‍പായിരിക്കും അവസാന പരിശോധന. ഇതുകൂടാതെ പരിപാടി നടക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ നിരീക്ഷണ ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ ഉണ്ടായിരിക്കും.