Skip to main content
ബെയ്ജിങ്ങ്

ഇന്ത്യയും ചൈനയും അതിര്‍ത്തി സൈനിക സഹകരണ കരാറില്‍ ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നദീജല തര്‍ക്കങ്ങള്‍ പരിഹരിക്കാനും തീരുമാനമായി. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ചൈനീസ് പ്രധാനമന്ത്രി ലീ കെചിയാങും തമ്മില്‍ ബെയ്ജിംഗില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇന്ത്യയും ചൈനയും പരസ്പരം സൈനിക ശക്തി പ്രയോഗിക്കില്ലെന്നാണ് കരാറുകളിലൊന്ന്. സംഘര്‍ഷ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുമെന്നും കരാറില്‍ പറയുന്നു.

 

ഇരു രാജ്യങ്ങളും തമ്മില്‍ ഒന്‍പത് കരാറുകളിലാണ് ഒപ്പുവച്ചത്. ചൈനയുമായി സുഹൃത്ബന്ധം തുടരുമെന്നും  തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മന്‍മോഹന്‍ സിംഗ് പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം പുതുക്കിയ വിസാ കരാറില്‍ ഒപ്പ് വെക്കാന്‍ കഴിഞ്ഞില്ല.

 

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ചൈനയിലെത്തിയത്. അതിര്‍ത്തിത്തര്‍ക്കം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറായാല്‍ ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടു പോവുമെന്ന് പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പരസ്പര സഹകരണവും രാഷ്ട്രീയ ബന്ധവും മെച്ചപ്പെടുത്താനും ഉന്നതതല സന്ദര്‍ശനങ്ങള്‍ തുടരാനും വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിനും കൂടിക്കാഴ്ചയില്‍ തീരുമാനിച്ചതായി ലീ പറഞ്ഞു.